പാരിസ് : ഇറ്റലിയിലെ മിലാനിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന റയാനെയർ വിമാനത്തിൽ നാടകീയ സംഭവങ്ങൾ. യാത്രതുടങ്ങി 15 മിനിറ്റിനുള്ളിൽ വിമാനം പാരിസിൽ അടിയന്തര ലാൻഡിങ് നടത്തി. വിമാനത്തിലെ ഒരു യാത്രക്കാരൻ പാസ്പോർട്ടിലെ പേജുകൾ കഴിച്ചതും മറ്റൊരാൾ പാസ്പോർട്ട് ശുചിമുറിയിൽ കളയാൻ ശ്രമിച്ചതിനും പിന്നാലെയാണ് വിമാനത്തിൽ ആശങ്ക ഉയർന്നത്.
വിമാനം പറന്നുയർന്ന് മിനിറ്റികൾക്കുള്ളിലാണ് അസാധാരണ സംഭവങ്ങൾ നടന്നതെന്ന് യാത്രക്കാർ പറഞ്ഞു. ‘‘മുൻവശത്ത് ഇരുന്ന യാത്രക്കാരനാണ് തന്റെ പാസ്പോർട്ടിലെ പേജുകൾ കീറിമുറിച്ച് കഴിച്ചത്. ഇത് മറ്റു യാത്രക്കാരെ ആശങ്കയിലാഴ്ത്തി. പിന്നാലെ ഒപ്പമുണ്ടായിരുന്ന യാത്രക്കാരൻ വേഗത്തിൽ ശുചിമുറിയിലേക്ക് ഓടിക്കയറി പാസ്പോർട്ട് അവിടെ ഉപേക്ഷിക്കാൻ ശ്രമിച്ചു.
വിമാനത്തിലെ ജീവനക്കാർ ശുചിമുറിയുടെ വാതിൽ തുറക്കാൻ അയാളോട് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചു. പിന്നാലെ വിമാനം അടിയന്തരമായി പാരിസിൽ ലാന്‍ഡ് ചെയ്യുകയായിരുന്നു–’’ വിമാനത്തിലെ ഒരു യാത്രക്കാരൻ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും അപ്പോൾ മനസ്സിലായിരുന്നില്ലെന്നും യാത്രക്കാർ മാധ്യമങ്ങളോട് പറഞ്ഞു
വിമാനം പാരിസിൽ ലാൻഡ് ചെയ്തതിന് പിന്നാലെ ഫ്രഞ്ച് അധികൃതർ രണ്ടുപേരെയും അറസ്റ്റ് ചെയ്തു. ഇരുവരുടെയും അസാധാരണമായ പെരുമാറ്റത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. രണ്ടു മണിക്കൂറിന് ശേഷമാണ് വിമാനം വീണ്ടും യാത്ര തുടങ്ങിയത്.

