കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. കഴിഞ്ഞ ദിവസം വൈകുന്നേരം വില കുറഞ്ഞതിന് പിന്നാലെ സ്വർണം തിരിച്ച് കയറുകയായിരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. 10,875 രൂപയായാണ് സ്വർണത്തിന്റെ വില ഉയർന്നത്. പവന് 880 രൂപയുടെ വർധനവുണ്ടായി. ഇതോടെ പവന്റെ വില 87,000 രൂപയായി ഉയർന്നു.
ആഗോളവിപണിയിലും സ്വർണവില ഉയർന്നു. യു.എസ് ഷട്ട്ഡൗണിനെ തുടർന്നുള്ള ആശങ്കയിൽ നിക്ഷേപകർ സ്വർണത്തിൽ കൂടുതൽ നിക്ഷേപം നടത്തിയതോടെയാണ് വില ഉയർന്നത്. സ്പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനം ഉയർന്ന് 3,872.87 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.7 ശതമാനം ഉയർന്ന് 3,901.40 ഡോളറായും ഉയർന്നു.
റെക്കോഡുകൾ തിരുത്തി മുന്നേറിയ സ്വർണ വില കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം ഇടിഞ്ഞിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 80 രൂപ കുറഞ്ഞ് 10765 രൂപയും പവന് 640 രൂപ കുറഞ്ഞ് 86,120 രൂപയുമായി
അതേസമയം, യു.എസിലെ ഡോണൾഡ് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി നൽകി ധനബിൽ കഴിഞ്ഞ ദിവസവും പാസാക്കാനായില്ല. ഇതോടെ മണിക്കൂറുകൾക്കുള്ളിൽ യു.എസ് ഭരണകൂടം ഷട്ട്ഡൗണിലേക്ക് നീങ്ങും. ഇതേതുടർന്ന് അവശ്യസേവനങ്ങളൊഴികെ മറ്റ് സർക്കാർ സേവനങ്ങളുടെയെല്ലാം പ്രവർത്തനം നിലക്കുന്ന സാഹചര്യമുണ്ടാവും. ധനബിൽ സെനറ്റിൽ പാസാക്കാൻ കഴിഞ്ഞ ദിവസവും ശ്രമങ്ങൾ നടന്നിരുന്നുവെങ്കിലും ഡെമോക്രാറ്റുകളുടെ പിന്തുണ ഇല്ലാത്തതിനാൽ നീക്കം പരാജയപ്പെടുകയായിരുന്നു.
ധനബിൽ പാസാകണമെങ്കിൽ ഏഴ് ഡെമോക്രാറ്റിക് അംഗങ്ങളുടെ പിന്തുണ വേണം. എന്നാൽ, രണ്ട് അംഗങ്ങൾ മാത്രമാണ് ബില്ലിനെ പിന്തുണച്ചത്. സർക്കാർ ഷട്ട്ഡൗണിലേക്ക് പോയേക്കാമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ബൈഡൻ ഭരണകാലത്ത് ഉണ്ടായിരുന്ന ആരോഗ്യ ഇൻഷൂറൻസ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ധനബില്ലിനെ ഡെമോക്രാറ്റുകൾ എതിർക്കുന്നത്.

