ടെക്‌ലോകം ഉറ്റുനോക്കിയിരുന്ന ആ ഡീല്‍ ഒടുവില്‍ സാധ്യമായിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനീസ് ആപ്പായ ടിക്ടോക് വില്‍പ്പനയ്ക്ക് അനുമതി നല്‍കി. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സ് ടിക്ടോകിന്റെ അമേരിക്കന്‍ ഓപ്പറേഷന്‍സ് യുഎസ് കമ്പനിക്ക് കൈമാറാനുള്ള നിര്‍ണായക ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് വ്യാഴാഴ്ച ഒപ്പുവെച്ചു.
ഉത്തരവ് പ്രകാരം ടിക്ടോകിന്റെ യുഎസ് പ്രവര്‍ത്തനങ്ങള്‍ 14 ബില്യണ്‍ ഡോളറിനാണ് കൈമാറുക. അമേരിക്കന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങളുടെ പേരില്‍ ഈ വര്‍ഷം ജനുവരിയില്‍ ടിക്ടോകിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനുള്ള പരിഹാരം എന്ന നിലയിലാണ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറുന്നത്.
ഇതോടെ അമേരിക്കയില്‍നിന്ന് തന്നെ ബൈറ്റ്ഡാന്‍സിന് ടിക്ടോകിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാം. ഇക്കാര്യത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി ധാരണയിലെത്തിയെന്നും ഇതോടെ ടിക്ടോക് അമേരിക്കന്‍ നിയന്ത്രണത്തിലായെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

