വാഷിങ്ടൺ: അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ 24.5 മില്യണ്‍ ഡോളര്‍ (217.60 കോടി രൂപ) നല്‍കാമെന്ന് സമ്മതിച്ച് യൂട്യൂബ്. ഒത്തുതീര്‍പ്പ് പ്രകാരം ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, വൈറ്റ് ഹൗസില്‍ 200 മില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന ബോള്‍റൂം പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന സംഘടനയ്ക്ക് ട്രംപിന്റെ പേരില്‍ 22 മില്യണ്‍ ഡോളര്‍ സംഭാവനയായി നല്‍കും.
ട്രംപിനോടൊപ്പം കേസിലെ മറ്റ് വാദികളായ അമേരിക്കൻ കൺസർവേറ്റീവ് യൂണിയൻ, അമേരിക്കൻ എഴുത്തുകാരി നവോമി വുൾഫ് എന്നിവർക്ക് ശേഷിക്കുന്ന 2.5 മില്യൺ ഡോളർ ലഭിക്കും. നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോർണിയയിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയിൽ തിങ്കളാഴ്ച സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

