ന്യൂഡൽഹി: ഭൂട്ടാനുമായുള്ള വ്യാപാര-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 4000 കോടിയിലധികം രൂപ ചെലവിൽ റെയിൽ പാതകൾ നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യ. ഭൂട്ടാനുമേൽ സ്വാധീനം വർദ്ധിപ്പിക്കാൻ ചൈന ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ സുപ്രധാന പ്രഖ്യാപനം. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാൻ സന്ദർശന വേളയിലാണ് റെയിൽ ബന്ധം സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പുവെച്ചത്.
അസമിലെ കോക്രജാറിനെയും പശ്ചിമ ബംഗാളിലെ ബനാർഹട്ടിനെയും ഭൂട്ടാനിലെ ഗെലെഫു, സംത്സെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽ പദ്ധതികളുടെ വിശദാംശങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും ചേർന്നാണ് പുറത്തുവിട്ടത്. രണ്ട് പദ്ധതികളിലൂടെ 89 കിലോമീറ്റർ റെയിൽവേ ലൈനുകൾ സ്ഥാപിക്കുമെന്നും അടുത്ത നാല് വർഷത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇരുവരും പറഞ്ഞു.
കോക്രജാറിനും ഗെലെഫുവിനും ഇടയിലുള്ള 69 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ആദ്യ പാത. 69 കിലോമീറ്ററിൽ 2.39 കിലോമീറ്റർ ഭൂട്ടാൻ ഭാഗത്തായിരിക്കും. ഇരു നഗരങ്ങൾക്കുമിടയിൽ ആറ് സ്റ്റേഷനുകൾ ഉണ്ടാകും. രണ്ട് പ്രധാന പാലങ്ങൾ, രണ്ട് വയഡക്ടുകൾ, 29 വലിയ പാലങ്ങൾ, 65 ചെറിയ പാലങ്ങൾ, രണ്ട് ഗുഡ്‌ഷെഡുകൾ, ഒരു റോഡ്-ഓവർ-ബ്രിഡ്ജ്, 39 റോഡ്-അണ്ടർ-ബ്രിഡ്ജുകൾ എന്നിവ ഈ പാതയുടെ നിർമ്മാണത്തിൽ ഉൾപ്പെടും. 3,456 കോടി രൂപ ചെലവിൽ നാല് വർഷത്തിനുള്ളിൽ ഇത് പൂർത്തിയാകും. ബനാർഹട്ടിൽ നിന്ന് സാംത്സെയിലേക്കുള്ള 20 കിലോമീറ്റർ നീളമുള്ള രണ്ടാമത്തെ പാതയ്ക്കിടയിൽ രണ്ട് സ്റ്റേഷനുകൾ ഉണ്ടാകും. 577 കോടി രൂപ ചെലവിൽ മൂന്ന് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.
ഭൂട്ടാന് ഏറ്റവും കൂടുതൽ വികസന സഹായം നൽകുന്നത് ഇന്ത്യയാണെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. 2024 മുതൽ 2029 വരെ നീളുന്ന ഭൂട്ടാന്റെ 13-ാം പഞ്ചവത്സര പദ്ധതിക്കായി, ഇന്ത്യാ ഗവൺമെന്റ് 10,000 കോടി രൂപയുടെ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. 12-ാം പഞ്ചവത്സര പദ്ധതിയിലെ കണക്കുകളേക്കാൾ 100 ശതമാനം വർദ്ധനവാണ് ഈ തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

