റിപ്പോർട്ട് :പി പി ചെറിയാൻ
കലിഫോർണിയ : തെക്കൻ കലിഫോർണിയയിലെ ജയിലിനുള്ളിൽ സഹതടവുകാരുടെ മർദനമേറ്റ് കൊലക്കേസ് പ്രതി കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇംപീരിയൽ കൗണ്ടിയിലെ കാലിപാട്രിയ സ്റ്റേറ്റ് ജയിലിനുള്ളിൽ ആൽബെർട്ടോ മാർട്ടിനെസ് (46) ആണ് സഹതടവുകാരുടെ മർദ്ദനമേറ്റ് മരിച്ചത്.
ഇയാളെ മറ്റ് തടവുകാരായ ജോർജ് ഡി. നെഗ്രെറ്റ്-ലാരിയോസ്, ലൂയിസ് ജെ ബെൽട്രാൻ ടൈലർ എ. ലുവ എന്നിവർ നിലത്തിട്ട് ഇടിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് കലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ ആൻഡ് റീഹാബിലിറ്റേഷൻ അറിയിച്ചു. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ആയുധങ്ങൾ കണ്ടെത്തി. ഗുരുതരമായ പരുക്കേറ്റ മാർട്ടിനെസിന് ചികിത്സ നൽകാൻ ശ്രമിച്ചെങ്കിലും ഇയാൾ ഒരു മണിക്കൂറിനുള്ളിൽ മരണത്തിന് കീഴടങ്ങിയെന്നും അധികൃതർ വെളിപ്പെടുത്തി.
മാർട്ടിനെസിന്‍റെ മരണം ആസൂത്രിത കൊലപാതകമാണോയെന്ന അന്വേഷണം പുരോഗമിക്കുകയാണ്. മാർട്ടിനെസ് ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു.