ദുബായ് : ഏഷ്യാകപ്പ് ഫൈനലിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ വിജയം നേടിയതിനു പിന്നാലെ ഗ്രൗണ്ടില്‍ നാടകീയ നീക്കങ്ങൾ. ഗ്രൗണ്ടിലെ ഇന്ത്യൻ വിജയാഘോഷങ്ങൾക്കിടെ ഗ്രൗണ്ട് വിട്ട പാക്കിസ്ഥാൻ താരങ്ങൾ ഒരു മണിക്കൂർ വൈകിയാണ് സമ്മാനദാനച്ചടങ്ങിനെത്തിയത്. ഈ സമയമത്രയും ഗ്രൗണ്ടിൽ വിജയം ആഘോഷിച്ച ഇന്ത്യൻ താരങ്ങൾ മാധ്യമങ്ങളോടും സംസാരിക്കുകയായിരുന്നു. തോൽവിക്കു പിന്നാലെ പാക്കിസ്ഥാൻ ടീം സമ്മാനദാനം ബോധപൂർവം വൈകിക്കുകയായിരുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനും പാക്കിസ്ഥാൻ മന്ത്രിയുമായ മൊഹ്സിൻ നഖ‍്‍വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യൻ താരങ്ങള്‍. എമിറേറ്റ്സ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സരൂനിയിൽനിന്ന് ട്രോഫി വാങ്ങാമെന്നും ഇന്ത്യൻ ടീം മാനേജ്മെന്റ് വ്യക്തമാക്കി. എന്നാൽ ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ ഇതു തള്ളി. പാക്ക് താരങ്ങൾക്ക് രണ്ടാം സ്ഥാനത്തിനുള്ള മെഡലുകൾ വിതരണം ചെയ്ത ശേഷം, ഏഷ്യാകപ്പ് ട്രോഫിയുമായി നഖ്‍വി ഗ്രൗണ്ട് വിടുകയായിരുന്നു.
പാക്ക് താരങ്ങൾ സമ്മാനദാനച്ചടങ്ങിനെത്തിയപ്പോൾ കൂക്കിവിളികളോടെയാണ് ഇന്ത്യൻ ആരാധകർ പ്രതികരിച്ചത്. ഇന്ത്യൻ താരങ്ങൾ ട്രോഫി വാങ്ങുന്നില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചതിനാൽ, സമ്മാനദാനം അവസാനിപ്പിക്കുന്നുവെന്നാണ് അവതാരകനായ സൈമണ്‍ ദൂൾ മത്സരശേഷം പ്രതികരിച്ചത്. ട്രോഫി ലഭിക്കാതിരുന്നതോടെ പോഡിയത്തിൽ കയറി സെൽഫിയെടുത്ത ശേഷം ഇന്ത്യൻ താരങ്ങൾ മടങ്ങി.

