ന്യൂയോർക്ക്: ഒടുവിൽ കത്തിയെരിയുന്ന ഗാസയ്ക്ക് ശമനമാകുന്നു. ഗാസയിൽ യുദ്ധം അവസാനിക്കാൻ പോകുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎൻ പൊതുസഭയിൽ വെള്ളിയാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസംഗിക്കുന്നതിന് മുന്നോടിയായാണ് വൈറ്റ് ഹൗസ് റിപ്പോർട്ടർമാരോട ട്രംപ് ഇക്കാര്യം അറിയിച്ചത്.
സമാധാനം പുലരാൻ പോകുന്നു. ഗാസയിൽ ഒരു കരാറുണ്ടാകും. യുദ്ധം അവസാനിപ്പിക്കുന്ന ഒരു കരാറായിരിക്കും ഇത്. ബന്ദികളെ മോചിപ്പിക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും സഹായിക്കുന്ന കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഉടൻ അന്തിമരൂപം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇസ്രയേലിനെ പലസ്തീനിലെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാൻ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിന് പ്രധാന അറബ്, മുസ്ലീം രാജ്യങ്ങളിലെ നേതാക്കൾ ഇസ്രയേൽ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

