വാഷിങ്ടൺ: റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതിചെയ്യുന്ന നടപടി ഇന്ത്യ പുനഃപരിശോധിക്കണമെന്ന് യു.എസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്. റഷ്യയിൽനിന്നൊഴികെ ലോകത്തെ ഏതു രാജ്യത്തുനിന്നും ഇന്ത്യക്ക് എണ്ണ വാങ്ങാവുന്നതാണെന്നും ന്യൂയോർക്കിൽ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ശിക്ഷിക്കാൻ യു.എസിന് ഉദ്ദേശ്യമില്ലെന്നും ഏതുവിധേനയും യുക്രൈനിലെ യുദ്ധം തീർക്കുക മാത്രമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലക്ഷ്യമെന്നും ക്രിസ് പറഞ്ഞു.
റഷ്യയിൽനിന്ന് എണ്ണവാങ്ങി യുക്രൈൻ യുദ്ധത്തിന് സഹായധനം നൽകുകയാണെന്നാരോപിച്ച് ഇന്ത്യൻ ചരക്കുകൾക്ക് യു.എസ് 25 ശതമാനം പിഴത്തീരുവ ചുമത്തിയിരുന്നു. ഇതോടെ ഇന്ത്യൻ ചരക്കുകൾക്കുള്ള യു.എസ് തീരുവ 50 ശതമാനമായി ഉയരുകയും ചെയ്തു. അത് ഇരുരാജ്യവും തമ്മിലുള്ള ബന്ധം വഷളാക്കിയിരിക്കേയാണ് സെക്രട്ടറിയുടെ പ്രസ്താവന.

