ലണ്ടൻ: ഐക്യരാഷ്ട്രസഭയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വംശീയ പരാമർശത്തിന് മറുപടിയുമായി ലണ്ടൻ മേയർ സാദിഖ് ഖാൻ. ട്രംപ് ഒരു വംശീയവാദിയും സ്ത്രീവിരുദ്ധനും മുസ്‌ലിംവിരുദ്ധനുമാണെന്ന് ഖാൻ അഭിപ്രായപ്പെട്ടു. ലണ്ടൻ ശരീഅത്ത് നിയമം നടപ്പിലാക്കുന്നതിലേക്ക് നീങ്ങുകയാണെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞത്.
‘ലണ്ടൻ ഒരുപാട് മാറിയിരിക്കുന്നു. അവിടെ നിങ്ങൾക്ക് ഒരു ഭയങ്കരനായ മേയർ ഉണ്ട്. അവർ ഇപ്പോൾ ശരിയത്ത് നിയമത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നു.’ ട്രംപ് പറഞ്ഞു.
ട്രംപിന്റെ പരാമർശത്തെ തുടർന്ന് ലണ്ടനിലെ നിരവധി ലേബർ എംപിമാർ സാദിഖ് ഖാനെ പിന്തുണച്ചു രംഗത്ത് വന്നു. വൈവിധ്യം ആഘോഷിക്കുന്നതിനും, ഗതാഗതം, വായുവിന്റെ ഗുണനിലവാരം, പൊതു സുരക്ഷ, താമസക്കാർക്കുള്ള അവസരങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനും പ്രതിജ്ഞാബദ്ധനായ ഒരു മേയറാണ് ഖാൻ എന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനയെ ‘നഗ്നമായ നുണകൾ’ എന്നാണ് ഈലിംഗ് സെൻട്രലിലെയും ആക്ടണിലെയും എംപി രൂപ ഹഖ് വിശേഷിപ്പിച്ചത്.
അതേസമയം, ടൂട്ടിംഗിന്റെ എംപിയായ റോസേന അലിൻ-ഖാൻ പരാമർശങ്ങളുടെ പേരിൽ യുഎസ് അംബാസഡറെ വിളിച്ചുവരുത്തണമെന്ന് ആവശ്യപ്പെട്ടു. 2015 മുതൽ ട്രംപ് ആവർത്തിച്ച് സാദിഖ് ഖാനെതിരെ വർഗീയ പരാമർശങ്ങൾ നടത്താറുണ്ട്. മുസ്‌ലിംകൾ യുഎസിൽ പ്രവേശിക്കുന്നത് വിലക്കാനുള്ള ട്രംപിന്റെ നിർദേശത്തെ എതിർത്തതിന് ‘ലോകത്തിലെ ഏറ്റവും മോശം മേയർമാരിൽ ഒരാൾ’ എന്നാണ് ട്രംപ് ഖാനെ വിശേഷിപ്പിച്ചത്.

