ഇന്ത്യക്കാർക്ക് ഇരുട്ടടി നൽകിയ ഒന്നായിരുന്നു H1B വിസ ഫീസ് ഉയർത്തിയ ട്രംപിന്റെ പ്രഖ്യാപനം. ഒരു ഒരു ലക്ഷം ഡോളര്‍ ആയാണ് ട്രംപ് വിസ ഫീസ് ഉയർത്തിയത്. അമേരിക്കൻ ടെക്ക് മേഖലയിൽ ഇന്ത്യൻ വംശജർ ധാരാളമായി ജോലി ചെയ്യുന്നതിനാൽ ഇന്ത്യൻ ടെക്കികളെ ഈ തീരുമാനം ചെറുതായൊന്നുമല്ല ബാധിക്കുക. അമേരിക്കൻ കമ്പനികൾ പുതിയ ഉദ്യോഗാർത്ഥികളെ സ്പോൺസർ ചെയ്യാൻ മടിക്കുകയും അത് അമേരിക്കൻ സ്വപ്നം കൊണ്ടുനടക്കുന്ന നിരവധി ഇന്ത്യക്കാരെ ബാധിക്കുകയും ചെയ്യുമെന്നും വിലയിരുത്തലുണ്ട്. എന്നാൽ ഇതിനിടയിൽ അല്പം ആശ്വാസമാകുന്ന ഒരു വാർത്ത വന്നിരിക്കുകയാണ്.
H1B വിസ ഫീസ് വിഷയത്തിൽ നിന്ന് ഡോക്ടർമാരെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലർ റോജേഴ്‌സ് ആണ് ബ്ലൂംബെർഗ് ന്യൂസിനോട് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ആഴ്ച ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഓർഡറിൽ ആവശ്യമെങ്കിൽ മാത്രം ചില വിഭാഗങ്ങളെ ഒഴിവാക്കാവുന്നതാണ് എന്ന നിബന്ധയുണ്ട്. ദേശീയ താത്പര്യത്തിന്റെ ഭാഗമായി വേണം ഈ തീരുമാനം കൈക്കൊള്ളാൻ എന്നാണ് ഉത്തരവിൽ ഉള്ളത്.
അമേരിക്കയുടെ ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ രൂക്ഷമായ ക്ഷാമം ഉണ്ടെന്ന് ചില സംഘടനകൾ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് ടെയ്‌ലർ റോജേഴ്സിന്റെ ഈ അഭിപ്രായപ്രകടനം ഉണ്ടാകുന്നത്. പുതിയ വിസ നിയമം പ്രതിഭാധനരായ ആരോഗ്യപ്രവർത്തകരുടെ വരവ് തടഞ്ഞേക്കുമെന്ന് സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.

