വാഷിങ്ടൺ: യുഎസ് ഏർപ്പെടുത്തുന്ന പുതിയ H1ബി ഫീസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ് ഭരണകൂടം ചുമത്തിയത്. ഇന്ന് ഇന്ത്യൻ സമയം രാവിലെ 9:31 മുതലാണ് ഫീസ് ഈടാക്കുക. നിലവിലെ H1ബി വീസകൾക്ക് ഇത് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അതേസമയം, പുതിയ ട്രംപ് നയത്തിൽ ആശങ്ക രേഖപ്പെടുത്തി യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് രംഗത്തെത്തി. ട്രംപ് ഭരണകൂടവുമായി ചർച്ചകൾ നടത്തുമെന്നും ചേംബർ അറിയിച്ചു.
എച്ച്1 ബി വിസകൾക്ക് നിയന്ത്രമേർപ്പെടുത്തിയ യുഎസ് നടപടിയിൽ ഇന്ത്യയിലും അമേരിക്കയിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഒറ്റത്തവണ ഫീസാണെന്നും, നിലവിൽ വിസയുള്ളവരെ ബാധിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വിശദീകരണ കുറിപ്പിറക്കിയെങ്കിലും അമേരിക്കൻ കമ്പനികളും ഇന്ത്യൻ ഉദ്യോഗാർത്ഥികളും ആശങ്കയിലാണ്. പുതിയ നീക്കം അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കുമെന്ന വൈറ്റ് ഹൗസ് അവകാശവാദത്തിനെതിരെയും വിമർശനം ശക്തമാണ്.

