വാഷിംഗ്‌ടണ്‍: അമേരിക്ക പുതിയ എച്ച്-1ബി വിസകള്‍ക്ക് കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് രാജ്യാന്തര തലത്തില്‍ ടെക് രംഗത്ത് വലിയ ആശങ്കകള്‍ സൃഷ്‌ടിച്ചിരിക്കുകയാണ്. പുതിയ എച്ച്-1ബി വിസ അപേക്ഷകര്‍ ഒറ്റത്തവണ ഫീയായി ഒരുലക്ഷം ഡോളര്‍ അടയ്‌ക്കണം എന്നാണ് ഡോണള്‍ഡ് ട്രംപിന്‍റെ ഉത്തരവ്. ടെക് പഠനത്തിനും ജോലികളിലേക്കുമായി അമേരിക്കയിലേക്ക് പറക്കാനിരുന്ന അനേകായിരം ഇന്ത്യക്കാരാണ് ഇതോടെ പ്രതിസന്ധിയിലായത്. ഉദ്യോഗാര്‍ഥികളെ മാത്രമല്ല, ടെക് കമ്പനികളെയും ഡോണള്‍ഡ് ട്രംപിന്‍റെ പുത്തന്‍ തീരുമാനം കനത്ത ആശങ്കയിലാഴ്‌ത്തി. അമേരിക്കയെ ഇന്ന് കാണുന്ന ടെക് വാഗ്‌ദത്ത ഭൂമിയാക്കി മാറ്റിയവരില്‍ ഏറെ പ്രമുഖര്‍ മുമ്പ് H-1B വിസയില്‍ അമേരിക്കയിലേക്ക് ചേക്കേറിയവരാണ് എന്നതാണ് വസ്‌തുത. അവരില്‍ ചിലരെ പരിചയപ്പെടാം.
സത്യ നദെല്ല – അമേരിക്കയിലെ ബിഗ് 6 ടെക് കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഇന്ത്യന്‍ വംശജനായ സത്യ നദെല്ല. ഹൈദരാബാദില്‍ ജനിച്ച സത്യ നദെല്ല, എംഎസിന് പഠിക്കാനായാണ് യുഎസിലെത്തിയത്. 1992ൽ മൈക്രോസോഫ്റ്റിൽ ചേര്‍ന്ന സത്യ നദെല്ല 1994ലാണ് എച്ച്-1ബി വിസ എടുത്തത്. നദെല്ലയുടെ നേതൃത്വത്തിലാണ് മൈക്രോസോഫ്റ്റ് ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ രംഗത്ത് ആഗോളശക്തിയായത്. മൈക്രോസോഫ്റ്റിലേക്ക് വിദേശികളെ ജോലിക്കെടുക്കുന്നതില്‍ ഏറെ സന്തുഷ്‌ടനായിരുന്നു സത്യ നദെല്ലാ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇലോണ്‍ മസ്‌ക് ലോകം ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ പേരുകളിലൊന്നാണ് ഇലോണ്‍ മസ്‌ക്. ടെസ്‌ല, സ്പേസ് എക്‌സ്, എക്‌സ് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ അധിപനായ ഇലോണ്‍ മസ്‌ക് ആദ്യം യുഎസില്‍ ജെ-1 എക്‌സ്‌ചേഞ്ച് വിസിറ്റര്‍ വിസയുടെ ഉടമയായിരുന്നു. ഇതിന് ശേഷം അക്കാഡമിക് പരിശീലനത്തിനായി മസ്‌ക് എച്ച്-1ബി വിസയിലേക്ക് മാറി. അമേരിക്ക എച്ച്-1ബി വിസകൾ നിയന്ത്രിക്കാനുള്ള ശ്രമങ്ങളെ നിരന്തരം വിമര്‍ശിച്ചിട്ടുള്ളയാളാണ് ഇലോണ്‍ മസ്‌ക്. എച്ച്-1ബി വിസ നിയന്ത്രണം യുഎസിലേക്ക് പ്രതിഭകളുടെ പ്രവേശനം പരിമിതപ്പെടുത്തുമെന്നാണ് മസ്‌കിന്‍റെ വാദം. മാത്രമല്ല, തന്‍റെ കമ്പനികളില്‍ എച്ച്-1ബിയെയും മറ്റ് വർക്ക് വിസകളെയും ആശ്രയിക്കുന്ന നൂറുകണക്കിന് വിദേശ എഞ്ചിനീയർമാരെ നിയമിക്കുന്നുണ്ട് മസ്‌ക്.
രാജീവ് ജെയ്‌ന്‍ ഫ്ലോറിഡയിലെ അസറ്റ് മാനേജ്‌മെന്‍റ് സ്ഥാപനമായ GQG Partners-ന്‍റെ സഹസ്ഥാപകനും ചെയര്‍മാനും ചീഫ് ഇന്‍വസ്റ്റ്‌മെന്‍റ് ഓഫീസറുമാണ് രാജീവ് ജെയ്‌ന്‍. 150 ബില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ള ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണിത്. 1990-ന്‍റെ തുടക്കത്തിലാണ് മയാമി സര്‍വകലാശാലയില്‍ എംബിഎ പഠനത്തിനായി രാജീവ് ജെയ്‌ന്‍ ഇന്ത്യയില്‍ നിന്ന് യുഎസിലെത്തിയത്. ഇതേ കാലത്ത് അദേഹം എച്ച്-1ബി വിസയ്‌ക്ക് അപേക്ഷിക്കുകയും ചെയ്‌തു. സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ വിദേശ പ്രതിഭകളെ പാളയത്തിലെത്തിക്കണമെന്ന് ശക്തമായി വാദിക്കുന്നയാളാണ് അദേഹം.
ആൻഡ്രൂ എൻജി – Coursera-യുടെ സഹസ്ഥാപകനാണ് ബ്രിട്ടീഷ്- അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ഗവേഷകനുമായ ആൻഡ്രൂ യാൻ-തക് എൻജി. ഗൂഗിൾ ബ്രെയിനിന്‍റെ സഹസ്ഥാപകനും തലവനുമായിരുന്നു എൻജി. 1993ല്‍ അമേരിക്കയില്‍ എഫ്-1 വിസയിലാണ് ആൻഡ്രൂ എൻജി എത്തിയത്. ഇതിന് ശേഷം സ്റ്റാൻഫോർഡ് സർവ്വകലാശാലയില്‍ ജോലി ചെയ്യവേ എച്ച്-1ബി വിസയിലേക്ക് മാറി. എഐ, ഡീപ് ലേണിംഗ് രംഗത്തെ അതികായനായ അധ്യാപകനായി എൻജി അറിയപ്പെടുന്നു.
എറിക് എസ് യുവാൻ – എട്ട് തവണ തള്ളിയ ശേഷം 1997ല്‍ എച്ച്-1ബി വിസ ലഭിച്ചയാളാണ് വിഖ്യാതമായ സൂം വീഡിയോ കോണ്‍ഫറന്‍സ് പ്ലാറ്റ്‌ഫോമിന്‍റെ സ്ഥാപകനും സിഇഒയുമായ എറിക് എസ് യുവാൻ. ചൈനയില്‍ ജനിച്ച യുവാന്‍, ബില്‍ ഗേറ്റ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു.
ജ്യോതി ബന്‍സാല്‍ – ആപ്പ് ഡൈനാമിക്‌സിന്‍റെ സ്ഥാപകനായ ജ്യോതി ബന്‍സാലാണ് എച്ച്-1ബി വിസയുള്ള മറ്റൊരു പ്രമുഖന്‍. രാജസ്ഥാനില്‍ ജനിച്ച ബന്‍സാല്‍ ഐഐടി ദില്ലിയിലെ പഠനത്തിന് ശേഷം സിലിക്കണ്‍ വാലിയിലേക്ക് ചേക്കേറുകയായിരുന്നു. 2008ല്‍ ജ്യോതി ബന്‍സാല്‍, ആപ്ലിക്കേഷന്‍ പെര്‍ഫോമന്‍സ് മാനേജ്‌മെന്‍റ് കമ്പനിയായ AppDynamics എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു. ഈ കമ്പനി ഇപ്പോള്‍ സിസ്‌കോ സിസ്റ്റംസിന്‍റെ കൈകളിലാണ്.

