നാട്ടില്‍ പോയവരോട് സെപ്റ്റംബര്‍ 21നകം മടങ്ങിയെത്താന്‍ നിര്‍ദേശിച്ച് അമേരിക്കയിലെ ടെക് ഭീമന്‍മാരായ മെറ്റയും മൈക്രോസോഫ്റ്റും. ട്രംപിന്‍റെ വീസ പരിഷ്കരണ നിര്‍ദേശം പുറത്തുവന്നതോടെയാണ് തീരുമാനം. നിലവില്‍ യുഎസിലുള്ളവരോട് അവിടെതന്നെ തുടരാം എച്ച് 1 ബി, എച്ച് 4 വീസയുള്ള ജീവനക്കാരോട് ഇരുകമ്പനികളും നിര്‍ദേശിച്ചു. പരിഷ്കരണം നടപ്പാക്കിയ ശേഷം എടുക്കുന്ന ഓരോ എച്ച്1 ബി വര്‍ക്കര്‍ വീസയ്ക്കും കമ്പനികള്‍ പ്രതിവര്‍ഷം ഒരുലക്ഷം യുഎസ് ഡോളര്‍ (88 ലക്ഷത്തിലേറെ രൂപ) നല്‍കേണ്ടതുണ്ട്.
പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് കുടിയേറ്റക്കാർക്കെതിരെ പുതിയ നടപടി ആരംഭിച്ചതിനും നിയമപരമായ കുടിയേറ്റത്തിന് പരിമിതികൾ ഏർപ്പെടുത്തിയതിനും ശേഷമാണ് മെറ്റ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികൾ ശനിയാഴ്ച രാവിലെ തങ്ങളുടെ എല്ലാ എച്ച്-1 ബി വീസ ഉടമകളായ ജീവനക്കാര്‍ക്കും കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും യുഎസ് വിടരുതെന്ന് അടിയന്തിര നിര്‍ദേശം നല്‍കിയത്. 24 മണിക്കൂറിനുള്ളിൽ യുഎസിലേക്ക് മടങ്ങാനും റീ-എൻട്രി നിരസിക്കുന്നത് ഒഴിവാക്കാനും വിദേശികളായ ജീവനക്കാരോട് ഇമെയിലുകൾ ആവശ്യപ്പെടുന്നു. ഭാവിയില്‍ പ്രതീക്ഷിക്കാവുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനും കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും യുഎസില്‍ തങ്ങാനുമാണ് തങ്ങളുടെ ജീവനക്കാരോട് മെറ്റ നിര്‍ദേശിച്ചിരിക്കുന്നത്. രാജ്യത്തിന് പുറത്തുള്ള തൊഴിലാളികളോട് ‘തിരിച്ചുവരാന്‍ പരമാവധി ശ്രമിക്കുക’എന്ന ആവശ്യം മൈക്രോസോഫ്റ്റും അറിയിച്ചുകഴിഞ്ഞു.

