വാഷിങ്ടൻ : എച്ച്–1ബി, എച്ച്–4 വീസയുള്ളവർ അടുത്ത കുറച്ചുകാലത്തേക്കു യുഎസിൽ തന്നെ തുടരണമെന്നു മൈക്രോസോഫ്റ്റ് കമ്പനി. ഈ വീസകളുള്ളവരും നിലവിൽ യുഎസിനു പുറത്തുള്ളവരുമായ ജീവനക്കാർ സമയപരിധിക്ക് മുമ്പായി നാളെയോടെ തിരികെ എത്തണമെന്നു കമ്പനി നിർദേശിക്കുന്നുവെന്നു വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. മൈക്രോസോഫ്റ്റിന്റെ ഒരു ആഭ്യന്തര ഇമെയിൽ ഉദ്ധരിച്ചാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്.
അതേസമയം, ജെപിമോർഗന്റെ ഔട്‌സൈഡ് ഇമിഗ്രേഷൻ കൗൺസിലും എച്ച്–1ബി വീസയുള്ളവരോട് കൂടുതൽ നിർദേശം ലഭിക്കുന്നതുവരെ അമേരിക്കയിൽ തുടരാനും രാജ്യാന്തര യാത്രകൾ ഒഴിവാക്കാനും നിർദേശിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസിനു പുറത്തുള്ളവർ സെപ്റ്റംബർ 21 ഈസ്റ്റേൺ ടൈം അർധരാത്രി 12.01ന് മുൻപായി രാജ്യത്ത് തിരികെ പ്രവേശിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
എച്ച്–1ബി വീസ അപേക്ഷകൾക്ക് 100,000 ഡോളർ ഫീസ് ചുമത്തിക്കൊണ്ടുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് ഈ നിർദേശങ്ങൾ വന്നിരിക്കുന്നത്. പുതിയ നിയമം സെപ്റ്റംബർ 21 മുതൽ പ്രാബല്യത്തിൽ വരുമെന്നും 12 മാസത്തേക്ക് നിലനിൽക്കുമെന്നുമാണു ട്രംപ് പറഞ്ഞത്.
പ്രഖ്യാപനത്തിന് പിന്നാലെ, യുഎസിലെ ഇന്ത്യൻ കമ്പനികൾ ഉൾപ്പെടെയുള്ള ഐടി സേവന കമ്പനികളുടെ ഓഹരികൾ 2% മുതൽ 5% വരെ ഇടിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ നീക്കം പ്രതിഭകളുടെ കൈമാറ്റത്തെയും നൂതന മാറ്റങ്ങളെയും നിരുത്സാഹപ്പെടുത്തുന്നുവെന്നു വിമർശകർ പ്രതികരിച്ചു. എന്നാൽ, കൂടുതൽ ആളുകളെ കൊണ്ടുവന്ന് വേതനം കുറയ്ക്കുന്ന നീക്കത്തെ ഈ ഉത്തരവ് തടയുമെന്നും യുഎസ് പൗരന്മാരായ ബിരുദധാരികൾക്കു പരിശീലനം നൽകുന്നതിൽ നിക്ഷേപം നടത്താൻ കമ്പനികളെ പ്രേരിപ്പിക്കുമെന്നും അനുകൂലിക്കുന്നവർ വാദിക്കുന്നു.
അതേസമയം, ട്രംപിന്റെ നീക്കത്തോട് യു.എസ് ടെക് വമ്പൻമാരായ ആമസോൺ, ആപ്പിൾ, ഗൂഗ്ൾ തുടങ്ങിയ കമ്പനികളൊന്നും പ്രതികരിച്ചിട്ടില്ല. 1990ലാണ് എച്ച്-1ബി വിസ സംവിധാനം യു.എസിൽ അവതരിപ്പിക്കുന്നത്. എന്നാൽ, ഇതുവരെ കനത്ത ഫീസ് എച്ച്-1ബി വിസക്ക് യു.എസ് ചുമത്തിയിരുന്നില്ല. എന്നാൽ, എച്ച്-1ബി വിസയിൽ മാറ്റങ്ങൾ വേണമെന്നുള്ളത് ഡോണൾഡ് ട്രംപിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്.
എച്ച്-1ബി വിസ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. യു.എസിൽ വിതരണം ചെയ്യുന്ന എച്ച്-1ബി വിസകളിൽ 71 ശതമാനവും ഇന്ത്യക്കാർക്കാണ് നൽകുന്നത്. 11.7 ശതമാനത്തോടെ ചൈനയാണ് രണ്ടാമത്. മൂന്ന് വർഷം മുതൽ ആറ് വർഷം വരെയാണ് എച്ച്-1ബി വിസയുടെ കാലാവധി. ഈ വർഷം 85,000 പേർക്കാണ് എച്ച്-1ബി വിസ അനുവദിച്ചത്. ഇതിൽ ആമസോണിന് വേണ്ടിയാണ് ഏറ്റവും കൂടുതൽ വിസ അനുവദിച്ചത്.

