ഡൽഹി: കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഇന്ന് രാവിലെ 10 മണിക്ക് ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് പ്രത്യേക വാർത്താ സമ്മേളനം നടത്തും. തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ “വോട്ട് ചോരി” ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, “ഹൈഡ്രജൻ ബോംബ്” എന്ന് നേരത്തെ വിശേഷിപ്പിച്ച പുതിയ വെളിപ്പെടുത്തലുകൾ രാഹുൽ ഗാന്ധി പങ്കുവെക്കുമെന്നാണ് സൂചന.
വോട്ട് അധികാർ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെ, “ആറ്റം ബോംബിനേക്കാൾ വലിയ ഹൈഡ്രജൻ ബോംബ്” വരാനിരിക്കുന്നതായി രാഹുൽ ഗാന്ധി പരാമർശിച്ചിരുന്നു. ഈ വെളിപ്പെടുത്തൽ ബിജെപിക്ക് കനത്ത പ്രഹരമാകുമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് “മുഖം പുറത്ത് കാണിക്കാൻ” കഴിയാത്ത വിധം ബാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇക്കാര്യങ്ങളാണോ ഇന്ന് രാവിലെയുള്ള വാർത്താസമ്മേളനത്തിൽ രാഹുൽ പങ്കുവയ്ക്കുകയെന്നാണ് ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്നത്.
കോൺഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം മേധാവി പവൻ ഖേരയാണ് രാഹുലിന്‍റെ പ്രത്യേക വാർത്താസമ്മേളനത്തെക്കുറിച്ച് എക്‌സിലൂടെ അറിയിച്ചത്. “വോട്ടുകൊള്ള രാജ്യം മുഴുവൻ അറിയാൻ പോകുകയാണ്,” എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതായി പവൻ ഖേര പറഞ്ഞു. മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ “ആറ്റം ബോംബ്” എന്ന് വിശേഷിപ്പിച്ച വെളിപ്പെടുത്തലുകൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
ഇത്തവണ, തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ സംബന്ധിച്ച് കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരാനാണ് കോൺഗ്രസിന്റെ നീക്കം. രാഷ്ട്രീയ വൃത്തങ്ങൾ ഏറെ ശ്രദ്ധയോടെ നോക്കുന്ന ഈ വാർത്താ സമ്മേളനം, രാജ്യത്തെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം നൽകുമെന്നാണ് പ്രതീക്ഷ.

