Friday, December 5, 2025
HomeSportsഒടുക്കം ഐസിസി നിലപാട് കടുപ്പിച്ചു: ഏഷ്യാകപ്പിൽ യുഎഇക്കെതിരെ കളത്തിൽ ഇറങ്ങി പാകിസ്ഥാൻ

ഒടുക്കം ഐസിസി നിലപാട് കടുപ്പിച്ചു: ഏഷ്യാകപ്പിൽ യുഎഇക്കെതിരെ കളത്തിൽ ഇറങ്ങി പാകിസ്ഥാൻ

ദുബായ്: പാകിസ്താന്റെ ബഹിഷ്‌കരണ ഭീഷണിയും ഐസിസിയുടെ വടിയെടുക്കലും കളംനിറഞ്ഞ ഏഷ്യാ കപ്പ് മത്സരത്തില്‍ പാക് ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി യുഎഇ ബൗളര്‍മാര്‍. ഇന്ത്യന്‍ വംശജര്‍ നിറഞ്ഞ യുഎഇക്കെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തു.

നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ജുനൈദ് സിദ്ധിഖും നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സിമ്രന്‍ജീത്ത് സിങ്ങും ചേര്‍ന്നാണ് പാകിസ്താനെ പ്രതിസന്ധിയിലാക്കിയത്.

36 പന്തില്‍ നിന്ന് മൂന്നു സിക്‌സും രണ്ട് ഫോറുമടക്കം 50 റണ്‍സെടുത്ത ഫഖര്‍ സമാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷഹീന്‍ അഫ്രീദിയുടെ ഇന്നിങ്‌സാണ് പാകിസ്താനെ ഭേദപ്പെട്ട സ്‌കോറിലെങ്കിലും എത്തിച്ചത്. 14 പന്തുകള്‍ നേരിട്ട അഫ്രീദി രണ്ട് സിക്‌സും മൂന്നു ഫോറുമടക്കം 29 റണ്‍സോടെ പുറത്താകാതെ നിന്നു.

ഇന്നിങ്‌സിലെ അഞ്ചാം പന്ത് മുതല്‍ തന്നെ യുഎഇ ബൗളര്‍മാര്‍ പാക് താരങ്ങളെ ഡ്രസ്സിങ് റൂമിലേക്ക് മടക്കിത്തുടങ്ങി. 27 പന്തില്‍ നിന്ന് 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും 14 പന്തില്‍ നിന്ന് 18 റണ്‍സെടുത്ത മുഹമ്മദ് ഹാരിസുമാണ് പാക് നിരയില്‍ രണ്ടക്കം കടന്ന മറ്റ് താരങ്ങള്‍.മൂന്നാം വിക്കറ്റില്‍ ഫഖര്‍ സമാന്‍ – സല്‍മാന്‍ ആഗ സഖ്യം കൂട്ടിച്ചേര്‍ത്ത 61 റണ്‍സിന്റെ കൂട്ടുകെട്ടാണ് ടീമിന്റെ മാനം കാത്തത്. സയിം അയൂബ് (0), സഹിബ്‌സാദാ ഫര്‍ഹാന്‍ (5), ഹസന്‍ നവാസ് (3), ഖഷ്ദില്‍ ഷാ (4) എന്നിവരെയെല്ലാം നിലയുറപ്പിക്കും മുമ്പ് യുഎഇ മടക്കി.

നേരത്തേ പാക് ടീം പ്രതിഷേധവുമായി ഹോട്ടലില്‍ തന്നെ തങ്ങിയതു കാരണം മുന്‍ നിശ്ചയിച്ചതില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയത്. യുഎഇയ്ക്കായിരുന്നു ടോസ്. പുല്ലുള്ള പിച്ചില്‍ അവര്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിലെ ഹസ്തദാന വിവാദത്തെ തുടര്‍ന്ന് മത്സരത്തിലെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ അമ്പയര്‍മാരുടെ പാനലില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പാക് ടീം ബഹിഷ്‌കര ഭീഷണി മുഴക്കിയത്. എന്നാല്‍ ഒടുവില്‍ അവര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) ഭീഷണിക്ക് വഴങ്ങേണ്ടിവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഒരുവേള മത്സരം ഉപേക്ഷിച്ചുവെന്നു വരെ വാര്‍ത്ത പരന്നിരുന്നു.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാതെ പോയാല്‍ 16 മില്യണ്‍ യുഎസ് ഡോളര്‍ നഷ്ടപ്പെടുമെന്നതിനാലാണ്‌ പാക് താരങ്ങള്‍ ഭീഷണി മറന്ന് കളത്തിലിറങ്ങിയതെന്നും റിപ്പോര്‍ട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments