ശതകോടീശ്വരനും പ്രമുഖ ടെക് വ്യവസായിയും ടെസ സി.ഇ.ഒയുമായ ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള എക്സ് പ്ലാറ്റ്ഫോം അഴുക്കുചാലായും ഇത് അങ്ങേയറ്റം ഇരുണ്ട ശക്തികളുടെ ഉത്പാദന കേന്ദ്രമായും മാറിയെന്ന രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായി പീറ്റർ നവാരോ. ലോസ് ആഞ്ജലീസിലെ ഒരു അധ്യാപകൻ കൊലപാതകങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്‌തതിന് പിന്നാലെ, എക്സസിൽ പ്രചരിക്കുന്ന അക്രമാസക്തമായ സംഭാഷണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മസ്കിനോട് നവാരോ ആവശ്യപ്പെട്ടു.
ട്രംപിൻ്റെ ഏറ്റവും അടുത്ത അനുയായി ചാർളി കിർക്ക് വെടിയേറ്റ് മരണപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷങ്ങൾക്ക് പിന്നാലെയാണിത്. കിർക്കിന്റെ മരണത്തിന് ആഹ്വാനം ചെയ്ത ഒരു പോസ്റ്റിന്, “ഒന്നുകിൽ നമ്മൾ തിരിച്ചടിക്കും, അല്ലെങ്കിൽ അവർ നമ്മളെ കൊല്ലും,” എന്ന് മസ്‌ക് പ്രതികരിച്ചിരുന്നു. മസ്‌ക് ആദ്യം സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ പ്രശ്‌നങ്ങൾ പരിഹരിക്കട്ടേയെന്നാണ് പീറ്റർ നവാരോ ഇതിന് മറുപടിയായി പറഞ്ഞത്.
എന്റെ സുഹൃത്ത് ഇലോൺ മസ്ക്, എക്സ് എന്നറിയപ്പെടുന്ന ഓട വൃത്തിയാക്കി തിരിച്ചടിക്കാൻ തുടങ്ങിയാലോ? ഇനി അജ്ഞാത പോസ്റ്റുകൾ വേണ്ട. വിദേശികൾ നിങ്ങളുടെ പ്ലാറ്റ്ഫോമിൽ നിറഞ്ഞ് നമ്മുടെ രാഷ്ട്രീയ സംവാദങ്ങളെ മലിനമാക്കുന്നതും നിർത്തണം. എക്‌സ് അങ്ങേയറ്റം ഇരുണ്ട ശക്തികളുടെ പ്രജനന കേന്ദ്രവും പരിശീലന കളരിയുമായി മാറിയിരിക്കുന്നു. നിങ്ങൾക്ക് തിരിച്ചടിക്കണോ? വൈദ്യരേ, സ്വയം ചികിത്സിക്കുക. ഇലോൺ, എക്സിനെ സുഖപ്പെടുത്തൂ എന്നിങ്ങനെ മസ്കിനോടായി നവാരോ പോസ്റ്റിൽ കുറിച്ചു.

