ദുബായ്: പ്രവാസികളില്‍ മിക്കവരും നാട്ടിലേക്ക് വരുമ്പോൾ സ്വര്‍ണം കൊണ്ടുവരാറുണ്ട്. പ്രത്യേകിച്ച് യുഎഇ പ്രവാസികള്‍. ഇവിടെ നിന്ന് സ്വര്‍ണം വാങ്ങുന്നത് നാട്ടില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ ലാഭകരമാണ്. ആഭരണമായും കോയിന്‍ രൂപത്തിലായും സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരുന്നവര്‍ ഇന്ത്യയിലെ ചട്ടം ഇനിയും അറിയാത്തവർ ധാരാളം ഉണ്ട് .
10 വര്‍ഷം മുമ്പുള്ള ചട്ടമാണ് ഇക്കാര്യത്തില്‍ നിലവിലുള്ളത്. ഇത്രയും വില കൂടിയ സാഹച്യത്തില്‍ ചട്ടത്തില്‍ മാറ്റം വരുത്തണം എന്നാണ് പ്രവാസികള്‍ ഉയര്‍ത്തുന്ന ആവശ്യം. ഇന്ത്യ അസോസിയേഷന്‍ ഓഫ് ഷാര്‍ജ (ഐഎഎസ്) കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് വിഷയത്തില്‍ നിവേദനം സമര്‍പ്പിച്ചു. എന്താണ് നിലവിലെ നിയമം എന്ന് നോക്കാം.
വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ചട്ടം 2016ലാണ് കൊണ്ടുവന്നത്. ഒരു സ്ത്രീക്ക് 40 ഗ്രാം സ്വര്‍ണം വരെ ഇന്ത്യയിലേക്ക് കൊണ്ടുവരാം എന്നാണ് ചട്ടം. ഇതിന്റെ മൂല്യം നിശ്ചയിച്ചിരിക്കുന്നത് ഒരു ലക്ഷമാണ്. പുരുഷന്മാര്‍ക്ക് 20 ഗ്രാം സ്വര്‍ണമാണ് പരിധി. മൂല്യം നിശ്ചയിച്ചിരിക്കുന്നത് 50000 രൂപയാണ്. പരിധി വിട്ടാല്‍ നികുതി ഒടുക്കണം.
അതായത്, 50000 രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരുന്നവര്‍ നികുതി അടയ്‌ക്കേണ്ടതുണ്ട് എന്ന് ചട്ടം പറയുന്നു. നിലവിലെ സാഹചര്യത്തില്‍ അഞ്ച് ഗ്രാം പോലും ഈ തുകയ്ക്ക് കിട്ടില്ല. പിന്നെ എങ്ങനെ 20 ഗ്രാം കൊണ്ടുവരുമെന്ന ചോദ്യമാണ് പ്രവാസികള്‍ ഉന്നയിക്കുന്നത്. 2016ല്‍ ചട്ടം നടപ്പാക്കുന്ന വേളയില്‍ ഈ വില പരിധി കൃത്യമായിരുന്നു. ഇന്ന് അഞ്ച് ഗ്രാം പോലും കിട്ടില്ല
എന്നാല്‍ പിന്നീട് സ്വര്‍ണത്തിന് ഭീമമായ വിലക്കയറ്റമാണ് ഉണ്ടായത്. 2016ല്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 2500 രൂപയായിരുന്നു വില. അതുപ്രകാരം 20 ഗ്രാമിന് 50000 രൂപയേ ഉണ്ടായിരുന്നുള്ളൂ. 40 ഗ്രാമിന് ഒരു ലക്ഷം രൂപയും. ഇന്ന് 20 ഗ്രാമിന് രണ്ട് ലക്ഷം രൂപയില്‍ അധികവും 40 ഗ്രാമിന് 4 ലക്ഷം രൂപയില്‍ അധികവും ചെലവ് വരും. അതുകൊണ്ടുതന്നെ കാലോചിതമായ പരിഷ്‌കരണം ചട്ടത്തില്‍ വേണം എന്നാണ് പ്രവാസികളുടെ ആവശ്യം.
പ്രവാസികള്‍ക്ക് മാത്രമല്ല, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും നിലവിലുള്ള ചട്ടം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ് എന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഷാര്‍ജ പ്രസിഡന്റ് നിസാര്‍ തളങ്കര കേന്ദ്രമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു. ഗ്രാം പരിധി നിശ്ചയിക്കാമെങ്കിലും രൂപയിലുള്ള മൂല്യം നിശ്ചയിക്കുന്നത് ഭാവിയിലും പ്രതിസന്ധി സൃഷ്ടിക്കും.
കസ്റ്റംസ് നികുതി 3 ശതമാനം മുതല്‍ മേലോട്ട്15 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് 40 ഗ്രാം വരെ നാട്ടിലേക്ക് കൊണ്ടുവരുന്നതില്‍ തടസമില്ല എന്നാണ് ചട്ടം. ഇവിടെയും ഒരു ലക്ഷം രൂപയുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഡ്യൂട്ടി അടച്ച ശേഷം ഇതിനേക്കാള്‍ അധികം സ്വര്‍ണം നാട്ടിലേക്ക് കൊണ്ടുവരുന്നതിന് തടസമില്ല. ഒരു കിലോ സ്വര്‍ണം ആണ് പരമാവധി പരിധി. ആറ് മാസത്തില്‍ അധികകാലം വിദേശത്ത് തങ്ങിയ ശേഷം വരുന്നവര്‍ക്കാണ് ഇത് സാധ്യമാകുക. ഇടയ്ക്കിടെ നാട്ടിലേക്ക് വരുമ്പോൾ വലിയ അളവില്‍ സ്വര്‍ണം കൊണ്ടുവരാന്‍ സാധിക്കില്ല എന്ന് ചുരുക്കം.
20 ഗ്രാം മുതല്‍ 50 ഗ്രാം വരെ സ്വര്‍ണം കൊണ്ടുവരുന്ന പുരുഷന്മാര്‍ക്ക് 3 ശതമാനമാണ് കംസ്റ്റംസ് ഡ്യൂട്ടി. ഇതിന് മുകളില്‍ 6 ശതമാനവും. 40 ഗ്രാം മുതല്‍ 100 ഗ്രാം വരെ കൊണ്ടുവരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മൂന്ന് ശതമാനം ഡ്യൂട്ടി കൊടുക്കണം. ഇതിന് മുകളില്‍ 6 ശതമാനമാണ് കൊടുക്കേണ്ടത്. ഇന്ത്യയിലെ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ആറ് ശതമാനമാണ്. ഇതുകൂടി നല്‍കേണ്ടി വരും.

