ധനുഷ് നായകനായി എത്തുന്ന സിനിമയാണ് ഇഡ്‌ലി കടൈ. ഒക്ടോബര്‍ ഒന്നിന് സിനിമ തിയേറ്ററുകളിലെത്തും. നിത്യമേനോന്‍-ധനുഷ് കോമ്ബോ വന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ. ഞായറാഴ്ച ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നു. ഈ വേളയില്‍ ധനുഷ് തന്റെ കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പറഞ്ഞതു കേട്ട് അമ്ബരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഇഡ്‌ലിയോടുള്ള ഇഷ്ടവും കുട്ടിക്കാലത്ത് ഇത് കഴിക്കാന്‍ വകയില്ലാത്ത അവസ്ഥയുമെല്ലാമാണ് ധനുഷ് വിശദീകരിച്ചത്. പൂക്കള്‍ വിറ്റാണ് ഇതിന് വേണ്ടി പണം കണ്ടെത്തിയത് എന്നു ധനുഷ് പറയുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പലരും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചു. ധനുഷ് തള്ളിമറിച്ചതാണോ എന്നാണ് ചിലരുടെ സംശയം. കാരണം ഒരു സംവിധായകന്റെ മകനായ ധനുഷിന്റെ കുട്ടിക്കാലം അത്രയും പ്രയാസമാകുന്നത് എങ്ങനെ എന്നും അവര്‍ ചോദിക്കുന്നു.
കുട്ടിക്കാലത്ത് ഇഡ്‌ലി കഴിക്കാന്‍ വലിയ പൂതിയായിരുന്നു. അതിനുള്ള വക കുടുംബത്തിനുണ്ടായിരുന്നില്ല. താനും സഹോദരിയും കുടുംബത്തിലെ മറ്റു കുട്ടികളും വെളുപ്പിന് നാല് മണിക്ക് എഴുന്നേറ്റ് രണ്ടു മണിക്കൂര്‍ പൂക്കള്‍ പറിക്കാന്‍ പോകും. സമീപ പ്രദേശങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പൂക്കള്‍ വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ചാണ് ഇഡ്‌ലി കഴിച്ചിരുന്നത് എന്നാണ് ധനുഷ് പറഞ്ഞത്.
പൂക്കള്‍ വിറ്റാല്‍ രണ്ട് രൂപയാണ് ഓരോരുത്തര്‍ക്കും ലഭിക്കുക. അതുമായി നേരത്തെ പമ്പ് സെറ്റിന് അടുത്ത് പോയി കുളിക്കും. ശേഷം ഒരു ടവ്വല്‍ ചുറ്റി റോഡിലൂടെ നടന്നുപോയി ഇഡ്‌ലി വാങ്ങും. നാലോ അഞ്ചോ ഇഡ്‌ലിയാണ് കിട്ടുക. സ്വന്തമായി കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ട് വാങ്ങിക്കഴിക്കുന്നതിന്റെ രുചി വേറെ തന്നെയാണ്. ഇന്ന് റസ്റ്ററന്റില്‍ നിന്ന് കഴിക്കുമ്പോൾ കുട്ടിക്കാലത്തെ ആ രുചി കിട്ടുന്നില്ലെന്നും ധനുഷ് പറഞ്ഞു.
സംവിധായകന്റെ മകനായ ധനുഷിന് ഇങ്ങനെയും ജീവിതമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇഡ്ലി കടൈ എന്ന സിനിമക്ക് ആ പേരിടാനുള്ള കാരണം പറഞ്ഞുകൊണ്ടാണ് കുട്ടിക്കാലത്തെ അനുഭവം ധനുഷ് വിശദീകരിച്ചത്. എന്നാല്‍ ഇതെല്ലാം സത്യമാണോ എന്ന സംശയം പ്രകടിപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. സംവിധായകന്‍ കസ്തൂരി രാജയുടെ മകനാണ് ധനുഷ്. അദ്ദേഹത്തിന്റെ കുട്ടിക്കാലം ഇത്രയും പ്രയാസകരമായിരുന്നോ എന്ന സംശയമണ് പലര്‍ക്കും.
ധനുഷിന്റെ കുട്ടിക്കാലം അത്രയും പ്രതിസന്ധി നിറഞ്ഞതാണെങ്കില്‍, കസ്തൂരി രാജ അദ്ദേഹത്തിനും കുടുംബത്തിനും പണം നല്‍കിയില്ല എന്നാണോ മനസിലാക്കേണ്ടത് എന്ന് ഒരാള്‍ എക്‌സില്‍ കുറിച്ചു. ഒരു സംവിധായകന്റെ മകന് ഇഡ്‌ലി കഴിക്കാന്‍ പോലും പണമില്ലായിരുന്നു എന്നാണോ ധനുഷ് പറയുന്നത് എന്നാണ് മറ്റൊരാളുടെ ചോദ്യം.
ധനുഷിന് എട്ട് വയസുള്ളപ്പോള്‍ തന്നെ അച്ഛന്‍ കസ്തൂരി രാജ നാലില്‍ അധികം സിനിമകള്‍ സംവിധാനം ചെയ്തിരുന്നു. എന്നിട്ടും താങ്കളുടെ കൈവശം പണമില്ലായിരുന്നോ. എന്തെങ്കിലും പറയരുത്…. ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. ഈ വിഷയത്തില്‍ ധനുഷ് കൂടുതല്‍ വിശദീകരണം നല്‍കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകര്‍. അരുണ്‍ വിജയ്, ശാലിനി പാണ്ഡെ, സത്യരാജ്, സമുദ്രകനി, പാര്‍ഥിപന്‍, രാജ്കിരണ്‍ തുടങ്ങിയ താരങ്ങളും ഇഡ്‌ലി കടൈ എന്ന ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്റെ സഹ നിര്‍മാതാവ് കൂടിയാണ് ധനുഷ്.

