വാഷിംഗ്ടണ്‍ : വെനിസ്വേലന്‍ മയക്കുമരുന്ന് കടത്ത് കപ്പലിനെതിരെ യുഎസ് രണ്ടാമത്തെ ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു, ‘ഞങ്ങള്‍ നിങ്ങളെ വേട്ടയാടുകയാണ്’ എന്ന് മുന്നറിയിപ്പും അദ്ദേഹം നല്‍കി. വെനിസ്വേലയില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്നതായി ആരോപിക്കപ്പെടുന്ന കപ്പലാണ് യുഎസ് സേന ആക്രമിച്ചത്. മൂന്നുപേര്‍ മരിച്ചതായും ട്രംപ് പറഞ്ഞു.
സൗത്ത്‌കോം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അക്രമാസക്തമായ മയക്കുമരുന്ന് കടത്ത് സംഘങ്ങളെയും മയക്കുമരുന്ന് തീവ്രവാദികളെയും ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം ‘സെക്കന്‍ഡ് കൈനറ്റിക് സ്‌ട്രൈക്ക്’ നടത്തിയെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചത്.
‘മുന്നറിയിപ്പ് – നിങ്ങള്‍ അമേരിക്കക്കാരെ കൊല്ലാന്‍ കഴിയുന്ന മയക്കുമരുന്ന് കടത്തുകയാണെങ്കില്‍, ഞങ്ങള്‍ നിങ്ങളെ വേട്ടയാടുകയാണ്!’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. തിങ്കളാഴ്ചയാണ് ആക്രമണം നടത്തിയതെന്നാണ് ട്രംപ് പറയുന്നത്. വെനിസ്വേലയുടെ ഭാഗത്തുനിന്നും പ്രതികരണം വന്നിട്ടില്ല.
രണ്ടാഴ്ചയ്ക്കുമുമ്പ് യുഎസ് സേന സമാനമായി മറ്റൊരു സ്പീഡ് ബോട്ടിനെ ആക്രമിച്ച് തകര്‍ത്തിരുന്നു. ഇതില്‍ 11 പേരാണ് കൊല്ലപ്പെട്ടത്.

