ലണ്ടൻ : തീവ്രവലതുപക്ഷ നേതാവ് ടോമി റോബിൻസണിന്റെ നേതൃത്വത്തിൽ ലണ്ടനിൽ കൂറ്റൻ കുടിയേറ്റവിരുദ്ധറാലി. 1.10 ലക്ഷം പേർ പങ്കെടുത്തെന്നാണു പൊലീസ് കണക്ക്. ബ്രിട്ടന്റെ പതാകയ്ക്കൊപ്പം ഇസ്രയേൽ, യുഎസ് പതാകകളും പിടിച്ച പ്രകടനക്കാർ, ട്രംപിന്റെ ‘മാഗാ’ തൊപ്പികളും ധരിച്ചു. യുകെ പ്രധാനമന്ത്രി കിയ സ്റ്റാമർക്കെതിരെ മുദ്രാവാക്യമുയർന്നു.അനധികൃത കുടിയേറ്റം തടഞ്ഞില്ലെങ്കിൽ അക്രമം ആയിരിക്കും വരുന്നതെന്നും ലേബർപാർട്ടി സർക്കാരിനെ താഴെയിറക്കണമെന്നും റാലിയിൽ വെർച്വലായി പ്രസംഗിച്ച ഇലോൺ മസ്ക് പറഞ്ഞു.
ബ്രിട്ടനിൽ വിപ്ലവകരമായ സർക്കാർമാറ്റം വരേണ്ടതുണ്ട്. വോട്ടുകിട്ടാനായി ഇടതുപക്ഷമാണു കുടിയേറ്റക്കാരെ ഇറക്കുമതി ചെയ്യുന്നത്. അതു തടയണം. ‘അക്രമമാണു നിങ്ങളെ തേടിവരുന്നത്. തിരിച്ചടിക്കുക അല്ലെങ്കിൽ മരിക്കുക.’ –മസ്ക് പറഞ്ഞു. യൂറോപ്പിലെ കുടിയേറ്റവിരുദ്ധരായ നേതാക്കളുടെ വിഡിയോ പ്രസംഗങ്ങളുമുണ്ടായിരുന്നു. അക്രമസംഭവങ്ങളിൽ 26 പൊലീസുകാർക്കു പരുക്കേറ്റു. 25 പേർ അറസ്റ്റിലായി.
ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ ഇപ്പോൾ ഏറ്റവും സജീവമായ വിഷയം കുടിയേറ്റമാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ കുടിയേറ്റവിരുദ്ധ പാർട്ടിയായ ‘ റിഫോം യുകെ’യ്ക്കു സമീപകാലത്ത് അഭിപ്രായവോട്ടെടുപ്പുകളിൽ പിന്തുണയേറുകയും ചെയ്തിട്ടുണ്ട്. കുടിയേറ്റവിരുദ്ധറാലിക്കു പിന്നാലെ നടന്ന ഫാഷിസ്റ്റ് വിരുദ്ധ റാലിയിൽ 5,000 പേർ മാത്രമാണു പങ്കെടുത്തതെന്നു പൊലീസ് പറഞ്ഞു.

