യു.എൻ : ‘ദ്വിരാഷ്ട്ര സ്ഥാപനത്തിലൂടെ ഫലസ്തീൻ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ’ ലക്ഷ്യമിടുന്ന ‘ന്യൂയോർക് പ്രഖ്യാപന’ പ്രമേയം ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ പാസായി. പ്രമേയത്തിന് അനുകൂലമായി ഇന്ത്യയടക്കം 142 രാജ്യങ്ങൾ വോട്ട് ചെയ്തു. ഇസ്രയേൽ, അമേരിക്ക, അർജന്റീന, ഹംഗറി തുടങ്ങിയ പത്ത് രാഷ്ട്രങ്ങൾ എതിർത്തു. 12 രാജ്യങ്ങൾ വിട്ടുനിന്നു.
ഫ്രാൻസ് ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ അറബ് രാജ്യങ്ങളെല്ലാം പിന്തുണച്ചു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുക, സംഘർഷത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക, മേഖലയിലെ എല്ലാ ജനവിഭാഗങ്ങളുടെയും മികച്ച ഭാവിക്കായുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് പ്രമേയം ആഹ്വാനം ചെയ്യുന്നത്.
അടുത്തിടെ ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ ഗസ്സ വിഷയത്തിൽ വോട്ടെടുപ്പ് വരുമ്പോൾ വിട്ടുനിൽക്കുകയായിരുന്നു ഇന്ത്യ. ഗസ്സ വിഷയത്തിൽ മൂന്ന് വർഷത്തിനിടെ നാലു വട്ടം ഇന്ത്യ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നിരുന്നു. എന്നാൽ, ഈ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു.

