കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആഗോള അയ്യപ്പ സംഗമം നടത്താൻ കേരള ഹൈക്കോടതി അനുമതി നൽകി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ചും സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങൾ ഹനിക്കാതെയും സംഗമം നടത്താമെന്ന് കോടതി ഉത്തരവിട്ടു. പ്രകൃതിക്ക് ഹാനികരമായ ഒന്നും സംഭവിക്കരുതെന്നും സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകൾ 45 ദിവസത്തിനുള്ളിൽ കോടതിയിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംഗമത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് പ്രത്യേക പരിഗണന നൽകരുതെന്നും ശബരിമലയിലേക്ക് പോകുന്ന സാധാരണ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നും കോടതി നിർദേശിച്ചു.
ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹർജികളിൽ ഒരു മണിക്കൂറിലേറെ നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. സംഗമത്തിൽ സർക്കാരോ ദേവസ്വം ബോർഡോ പണം ചെലവഴിക്കുന്നില്ലെന്നും സാധാരണക്കാർക്കും പങ്കെടുക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സംഗമത്തിന്റെ ലക്ഷ്യം, ക്ഷണിക്കപ്പെട്ടവർ, ഒരുക്കുന്ന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് കോടതി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണവും ഭക്തരുടെ അവകാശങ്ങളും ഉറപ്പാക്കിക്കൊണ്ട് സംഗമം നടത്താനാണ് കോടതിയുടെ നിർദേശം.

