ന്യൂഡൽഹി: ഇ20 പെട്രോളിൽ തനിക്കെതിരെ പണം നൽകി പ്രചാരണം നടത്തുകയാണെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. സൊസൈറ്റി ഓഫ് ഓട്ടോ മൊബൈൽ മാനുഫാക്ചഴേ്സിന്റെ വാർഷിക കൺവെൻഷനിലാണ് നിതിൻ ഗഡ്കരിയുടെ പരാമർശം. ഇ20 പെട്രോളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ പണം നൽകിയുള്ള പ്രചാരണമാണ് നടക്കുന്നതെന്ന് ഗഡ്കരി വ്യക്തമാക്കി.രാഷ്ട്രീയമായി തന്നെ വേട്ടയാടാനാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിന് പകരം ഉപയോഗിക്കാൻ കഴിയുന്ന ചെലവ് കുറഞ്ഞ ഒരു വസ്തുവാണ് എഥനോൾ. എഥനോൾ മലിനീകരണം കുറക്കുമെന്ന് ഗഡ്കരി പറഞ്ഞു. എഥനോൾ വിൽപനയിലൂടെ കർഷകർക്ക് 45,000 കോടി ലഭിച്ചുവെന്നും നിതിൻ ഗഡ്കരി അവകാശപ്പെട്ടു.
എന്നാൽ എഥനോൾ കലർന്ന പെട്രോളുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾ അടിസ്ഥാന രഹിതമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ (ഇ-20), ഇൻഷുറൻസിനെയും വാറന്റിയെയും ബാധിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇൻഷുറൻസ് പൂർണ്ണമായും സാധുതയുള്ളതാണെന്ന് സർക്കാരും ഇൻഷുറർമാരും വ്യക്തമാക്കിയിട്ടുണ്ടെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അധികൃതർ വാർത്തസമ്മേളത്തിൽ അറിയിച്ചു.
ഇ-20 പെട്രോൾ, വാഹനങ്ങളുടെ ഇന്ധനക്ഷമതയിൽ നേരിയ കുറവേ ഉണ്ടാക്കുവെന്നും ഇതുസംബന്ധിച്ച ആശങ്കകൾ അസ്ഥാനത്താണെന്നും അധികൃതർ വ്യക്തമാക്കി. പരമ്പരാഗത ഇന്ധനത്തെ അപേക്ഷിച്ച് പുതിയ വാഹനങ്ങളിൽ ഇത് 1-2 ശതമാനവും പഴയതോ മികച്ച രീതിയിൽ ക്രമീകരിക്കാത്തതോ ആയ വാഹനങ്ങളിൽ 3-6 ശതമാനം വരെയും ഇന്ധന ക്ഷമത കുറഞ്ഞേക്കും.
രാജ്യത്തെ വിവിധ എണ്ണ കമ്പനികൾ, വാഹന നിർമ്മാതാക്കൾ, ഡിസ്റ്റിലറികൾ, എ.ആർ.എ.ഐ, ഐ.സി.എ.ടി എന്നീ സർട്ടിഫിക്കേഷൻ ഏജൻസികൾ, ബി.ഐ.എസ് എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം ഡൽഹിയിൽ പദ്ധതിയുടെ അവലോകന യോഗം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിനിധികളുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അധികൃതർ.

