മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയില്‍ നിന്ന് പിഴ ചുമത്തിയത്.
വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂവാണ് തന്റെ കെെയില്‍ ഉണ്ടായിരുന്നതെന്നും അതിന് 1,980 ഡോളർ (ഒന്നേമുക്കാല്‍ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും നടി വ്യക്തമാക്കി. മുല്ലപ്പൂവ് കൊണ്ടുപോകാൻ പാടില്ലെന്ന നിയമം തനിക്ക് അറിയില്ലായിരുന്നുവെന്നും ഓണപ്പരിപാടിയില്‍ സംസാരിക്കവെ നവ്യ പറഞ്ഞു.’ഇവിടേക്ക് വരുന്നതിന് മുൻപ് അച്ഛനാണ് എനിക്ക് മുല്ലപ്പൂവ് വാങ്ങി തന്നത്. രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതല്‍ സിങ്കപ്പൂർ വരെ ഒരു കഷ്ണം മുടിയില്‍ ചൂടാൻ അച്ഛൻ പറഞ്ഞു. സിങ്കപ്പൂരില്‍ നിന്ന് രണ്ടാമത്തെ കഷ്ണം ചൂടാമെന്നും അത് ഹാൻഡ്ബാഗില്‍ വയ്ക്കാനും അച്ഛൻ പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാൻ മുല്ലപ്പൂവ് എന്റെ ഹാൻഡ് ബാഗില്‍ വച്ചു. എന്നാല്‍ അത് നിയമവിരുദ്ധമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. അറിവില്ലായ്മ ഒഴിവുകഴിവല്ല എന്ന് എനിക്കറിയാം. 15 സെന്റീമീറ്റർ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതർ എന്നോട് 1,980 ഡോളർ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടു. തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്ക് അറിയാം. പക്ഷേ അത് മനഃപൂർവമായിരുന്നില്ല. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അവർ പറഞ്ഞത്’- നവ്യ പറഞ്ഞു.
ഓസ്ട്രേലിയയുടെ ജൈവസുരക്ഷാ നിയമമാണ് മുല്ലപ്പൂ ഉള്‍പ്പെടെയുള്ളവ രാജ്യത്തേക്ക് കൊണ്ടുവരുന്നത് തടയുന്നത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ചെടികളും പൂക്കളുമെല്ലാം ഓസ്ട്രേലിയയുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന സൂക്ഷ്മജീവികളേയോ രോഗങ്ങളേയോ കൂടി കൊണ്ടുവരാമെന്നതിനാലാണ് ഇത്. ഇത്തരം സൂക്ഷ്മജീവികള്‍ ഓസ്ട്രേലിയയിലെ കൃഷി, വനം തുടങ്ങിയവയെ നശിപ്പിക്കാൻ കാരണമാകുകയും തദ്ദേശീയമായ സസ്യ-ജന്തുജാലങ്ങള്‍ക്ക് ഭീഷണിയാകുകയും ചെയ്യുമെന്നതിനാലാണ് ഈ നിയമം കർശനമായി നടപ്പാക്കുന്നത്.
ഇത്തരത്തില്‍ ഓസ്ട്രേലിയയ്ക്ക് പണി കിട്ടിയ പല അനുഭവങ്ങളും മുമ്പുണ്ടായിട്ടുണ്ട് . 1859-ല്‍ ഏതാനും മുയലുകളെ വിനോദത്തിനായി യൂറോപ്പില്‍ എത്തിച്ചതാണ് അതിലൊന്ന്. ഓസ്ട്രേലിയയില്‍ മുയലുകള്‍ക്ക് സ്വാഭാവിക ശത്രുക്കളില്ലാത്തതിനാല്‍ അവ പെറ്റ് പെരുകുകുകയും കൃഷിഭൂമികള്‍ വൻതോതില്‍ നശിപ്പിക്കുകയും ചെയ്തു. തദ്ദേശീയ സസ്യങ്ങളെ മുയലുകള്‍ തിന്നുതീർത്തതോടെ അവയെ ആശ്രയിച്ചുകഴിയുന്ന ജീവികളുടെ ആവാസവ്യവസ്ഥയും തകർന്നു. കരിമ്പ് കൃഷി നശിപ്പിക്കുന്ന വണ്ടുകളെ നിയന്ത്രിക്കാനായി കൊണ്ടുവന്ന കരിമ്പൻ പോക്കാന്തവള, വേലി കെട്ടാനായി കൊണ്ടുവന്ന ഒരുതരം കള്ളിമുള്‍ ചെടി എന്നിവയും ഓസ്ട്രേലിയയ്ക്ക് വലിയ തലവേദനയായി മാറിയ ചരിത്രമുണ്ട്.ന്യൂസീലാൻഡ്, യുഎസ്, ജപ്പാൻ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലും കർശനമായ ബയോസെക്യൂരിറ്റി നിയമങ്ങളുണ്ട്.

