വാഷിങ്‌ടൻ : ഹമാസുമായി യുഎസ് അതിതീവ്രമായി ചർച്ചകൾ തുടരുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. എല്ലാ ബന്ദികളെയും വിട്ടയക്കാൻ ഹമാസിനോട് വീണ്ടും ആവശ്യപ്പെട്ടെന്നും ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേലികളെ വിട്ടയച്ചില്ലെങ്കിൽ സ്ഥിതിഗതികൾ കഠിനവും മോശവുമാകുമെന്നും ട്രംപ് പറഞ്ഞു. ഹമാസ് ചില കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞ ട്രംപ്, എന്നാൽ അതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.
2023 ഒക്ടോബർ 7 ന് ആരംഭിച്ച യുദ്ധത്തിൽ ഹമാസ് 251 ഇസ്രയേലികളെയാണ് ബന്ദികളാക്കിയത്. ഇതിൽ 148 ബന്ദികളെ ഇസ്രയേലിൽ തിരികെ എത്തിച്ചു. ഏകദേശം 50 ബന്ദികൾ ഇപ്പോഴും ഗാസയിൽ തന്നെ തുടരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 20 പേർ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. താൽകാലിക വെടിനിർത്തൽ നടപ്പാക്കിയാൽ ഏതാനും ബന്ദികളെ കൂടി മോചിപ്പിക്കാമെന്ന് ഹമാസ് വ്യക്‌തമാക്കിയപ്പോൾ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന നിലപാടിലാണ് ട്രേംപ്. ബന്ദിക്കളെ വിട്ടയക്കുകയും, ഹമാസിനെ നിരായുധരാക്കുകയും ഗാസയിൽ ഇസ്രയേൽ നിയന്ത്രണമേറ്റെടുക്കുകയും ഒരു ബദൽ സിവിൽ ഭരണം സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ ഗാസയിലെ യുദ്ധം അവസാനിക്കൂ എന്ന നിലപാടിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു

