വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ തീരുവ നയത്തിനെതിരായ അപ്പീൽ കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ ഹരജി. അടിയന്തര ഘട്ടത്തിൽ പ്രസിഡന്റിന് പ്രയോഗിക്കാനുള്ള അധികാരത്തിന്റെ ദുർവിനിയോഗമെന്ന് ചൂണ്ടിക്കാട്ടി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അപ്പീൽ കോടതി ട്രംപിന്റെ തീരുവ നയം നിയമവിരുദ്ധമാണെന്ന വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ സർക്കാർ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കേസ് വേഗത്തിൽ പരിഗണിക്കണമെന്നും അപ്പീൽ കോടതി വിധി റദ്ദാക്കണമെന്നും സോളിസിറ്റർ ജനറൽ ഡി. ജോൺ സോയർ ഹരജിയിൽ ബോധിപ്പിച്ചു. നികുതി ഏർപ്പെടുത്താനും തീരുവ നയം രൂപവത്കരിക്കാനും സർക്കാറിന് ഭരണഘടന അധികാരം നൽകുന്നുണ്ടെന്നും സമയബന്ധിതമായി കോടതി ഇടപെടലുണ്ടായില്ലെങ്കിൽ അത് വലിയ നഷ്ടങ്ങൾക്കിടയാക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

