ഹൈദരാബാദ്: ഇന്ത്യൻ വംശജനായ അമിത് ക്ഷത്രിയയെ നാസയുടെ പുതിയ ‘പര്യവേക്ഷണ കേന്ദ്രീകൃത’ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതായി യുഎസ് ബഹിരാകാശ ഏജൻസി അറിയിച്ചു. സെപ്റ്റംബർ 3ന് (ബുധനാഴ്‌ച) നാസയുടെ ആക്‌ടിങ് അഡ്‌മിനിസ്ട്രേറ്റർ ഷോൺ പി ഡഫിയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതോടെ നാസയുടെ ഏറ്റവും ഉയർന്ന സിവിൽ സർവീസ് റോളാണ് ഇന്ത്യൻ വംശജനായ അമിത് ക്ഷത്രിയയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഡഫിയുടെ മുതിർന്ന ഉപദേഷ്‌ട്ടാവായി സേവനമനുഷ്‌ഠിക്കാനും നാസയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവർത്തിക്കാനും പുതിയ പദവിയിലൂടെ അമിത് ക്ഷത്രിയക്ക് കഴിയും. നാസയുടെ 10 സെന്‍റർ ഡയറക്‌ടർമാരെയും വാഷിങ്‌ടണിലെ നാസ ആസ്ഥാനത്ത് മിഷൻ ഡയറക്‌ടറേറ്റ് അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്റർമാരെയും അദ്ദേഹം നയിക്കും. എക്സ്പ്ലോറേഷൻ സിസ്റ്റംസ് ഡെവലപ്‌മെന്‍റ് മിഷൻ ഡയറക്‌ടറേറ്റിൽ (ഇഎസ്‌ഡിഎംഡി) ‘മൂൺ ടു മാർസ്’ പ്രോഗ്രാമിന്‍റെ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്ററായി സേവനമനുഷ്‌ഠിച്ച് വരികയായിരുന്നു അദ്ദേഹം.
ഇന്ത്യൻ വംശജനായ അമിത് ക്ഷത്രിയ വിസ്കോൺസിനിലെ ബ്രൂക്ക്ഫീൽഡിലാണ് ജനിച്ചത്. അമേരിക്കയിലേക്കുള്ള ആദ്യ തലമുറയിലെ ഇന്ത്യൻ കുടിയേറ്റക്കാരുടെ മകനാണ് ക്ഷത്രിയ. കാലിഫോർണിയയിലെ പസഡെനയിലുള്ള കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബാച്ചിലർ ഓഫ് സയൻസും, ഓസ്റ്റിനിലെ ടെക്‌സസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ മാസ്റ്റർ ഓഫ് ആർട്‌സും നേടിയിട്ടുണ്ട്.
50-ാമത് ബഹിരാകാശ നിലയ പര്യവേഷണത്തിന് നേതൃത്വം നൽകിയതിന് ക്ഷത്രിയയ്ക്ക് നാസയുടെ ഔട്ട്സ്റ്റാൻഡിങ് ലീഡർഷിപ്പ് മെഡൽ ലഭിച്ചിരുന്നു. ഡ്രാഗൺ ഡെമോൺസ്ട്രേഷൻ ദൗത്യത്തിനിടെ വിമാന സുരക്ഷ ഉറപ്പാക്കുന്നതിൽ അമിത് ക്ഷത്രിയ വഹിച്ച പങ്കിന് സിൽവർ സ്‌നൂപ്പി അവാർഡും ലഭിച്ചിരുന്നു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യ ദൗത്യങ്ങൾക്കായുള്ള ദൗത്യങ്ങൾ ആസൂത്രണം ചെയ്‌തിരുന്നത് അദ്ദേഹമായിരുന്നു. ആർട്ടെമിസ് ഉൾപ്പെടെയുള്ള ദൗത്യങ്ങളിൽ അദ്ദേഹത്തിന്‍റെ പങ്ക് വളരെ വലുതായിരുന്നു.
2003ൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ആരംഭിച്ച നാസയിലെ കരിയർ പിന്നീട് റോബോട്ടിക്‌സ് എഞ്ചിനീയർ, സ്‌പേസ്‌ക്രാഫ്റ്റ് ഓപ്പറേറ്റർ എന്നീ നിലകളിലേക്ക് ഉയരുകയായിരുന്നുബഹിരാകാശ നിലയത്തിന്‍റെ ഫ്ലൈറ്റ് ഡയറക്‌ടറായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 2017 മുതൽ 2021 വരെ, ബഹിരാകാശ നിലയത്തിന്‍റെ ഓഫീസിന്‍റെ ഡെപ്യൂട്ടിയും തുടർന്ന് ആക്‌ടിങ് മാനേജരായും സേവനമനുഷ്‌ഠിച്ചു. പിന്നീട് എക്‌സ്‌പ്ലോറേഷൻ സിസ്റ്റംസ് ഡെവലപ്‌മെന്‍റ് മിഷൻ ഡയറക്‌ടറേറ്റിന്‍റെ (ESDMD) അസിസ്റ്റന്‍റ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്ററായി നാസ ആസ്ഥാനത്തേക്ക് അദ്ദേഹത്തെ നിയമിച്ചു. അസോസിയേറ്റ് അഡ്‌മിനിസ്ട്രേറ്ററായാണ് നിലവിൽ അമിത് ക്ഷത്രിയ സേവനമനുഷ്‌ഠിക്കുക.

