Friday, December 5, 2025
HomeNewsറഷ്യൻ സൈബർ ആക്രമണം എന്ന് സംശയം: യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസി‍ഡന്റ് സഞ്ചരിച്ച വിമാനത്തിന്...

റഷ്യൻ സൈബർ ആക്രമണം എന്ന് സംശയം: യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസി‍ഡന്റ് സഞ്ചരിച്ച വിമാനത്തിന് ബൾഗേറിയൻ വിമാനത്താവളത്തിൽ ഇറങ്ങാൻ സാങ്കേതിക തടസ്സം

ബൾഗേറിയ: യൂറോപ്യൻ യൂണിയൻ (ഇയു) കമ്മിഷൻ പ്രസി‍ഡന്റ് ഉർസുല വോൺ ദെർ ലെയന്റെ വിമാനത്തിന് ബൾഗേറിയൻ വിമാനത്താവളത്തിൽ ഇറങ്ങാൻ സാങ്കേതിക തടസ്സം. വിമാനത്തിന്റെ ജിപിഎസ് നാവിഗേഷൻ സംവിധാനം തകരാറിലായതിനെത്തുടർന്ന് ഭൂപടം ഉപയോഗിച്ചാണ് വിമാനം ലാൻഡ് ചെയ്തത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. റഷ്യൻ സൈബർ ആക്രമണമാണെന്നാണ് സംശയിക്കപ്പെടുന്നത്. അതേസമയം, ആരോപണം റഷ്യൻ വക്താവ് ദിമിത്ര പെസ്കോവ് തള്ളി. യൂറോപ്യൻ കമ്മിഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

വിമാനത്താവളത്തിന്റെ മേഖലയാകെ ജിപിഎസ് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഒരു മണിക്കൂറോളം വിമാനത്താവളത്തിനു ചുറ്റും പറന്നശേഷമാണ് അനലോഗ് മാപ്പുകൾ ഉപയോഗിച്ച് ലാൻഡ് ചെയ്യാമെന്ന് പൈലറ്റ് തീരുമാനം എടുത്തത്. സംഭവം ബൾഗേറിയൻ എയർ ട്രാഫിക് സർവീസസ് അതോറിറ്റിയും സ്ഥിരീകരിച്ചു. ‘‘2022 ഫെബ്രുവരി മുതൽ ജിപിഎസ് ജാമ്മിങ്, സ്പൂഫിങ് സംഭവങ്ങൾ ശ്രദ്ധേയമായ തോതിൽ വർധിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ വിമാനത്തിന്റെയും വിമാനത്താവളത്തിന്റെയും സംവിധാനങ്ങളെ വിവിധതരത്തിൽ ബാധിക്കുന്നുണ്ട്’’ ട്രാഫിക് സർവീസസ് അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു. 

റഷ്യയുടെ സമീപത്തു സ്ഥിതി ചെയ്യുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ബാൾട്ടിക് കടലിലുമാണ് നിലവിൽ ജിപിഎസ് ജാമ്മിങ് സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. വിമാനങ്ങളെയും ബോട്ടുകളെയും ദൈനംദിന ജീവിതത്തിൽ ജിപിഎസ് ഉപയോഗിക്കുന്ന സാധാരണക്കാരെയും ഇതു ബാധിക്കുന്നുണ്ട്. പോളണ്ടിലെ വാർസോയിൽ നിന്നാണ് ഉർസുല ബൾഗേറിയയിലേക്കു എത്തിയത്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്കു നേരെ ആക്രമണം നടത്തേണ്ടിവന്നാൽ ഇയു രാജ്യങ്ങളുടെ തയാറെടുപ്പുകൾ എന്തൊക്കെയെന്നു വിലയിരുത്താനാണ് ഉർസുല എത്തിയത്. 

ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) ജാമ്മിങ്, സ്പൂഫിങ് എന്നിവ ജിപിഎസ് സിഗ്നലുകളെ തടസ്സപ്പെടുത്തുന്നതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ സാങ്കേതിക വിദ്യകളാണ്. ഇവ രണ്ടും ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ജിപിഎസ് റിസീവറുകൾക്ക് (നമ്മുടെ ഫോണുകൾ, കാറുകൾ, മറ്റ് ഉപകരണങ്ങൾ) കൃത്യമായ ജിപിഎസ് സിഗ്നലുകൾ ലഭിക്കുന്നത് തടയുന്ന പ്രക്രിയയാണ് ജിപിഎസ് ജാമ്മിങ്. ജാമ്മറുകൾ എന്നറിയപ്പെടുന്ന പ്രത്യേക ഉപകരണങ്ങൾ ശക്തമായ റേഡിയോ സിഗ്നലുകൾ പുറത്തുവിട്ട് യഥാർഥ ജിപിഎസ് സിഗ്നലുകളെ ഇല്ലാതാക്കുന്നു.

ജിപിഎസ് സ്പൂഫിങ് എന്നാൽ ജിപിഎസ് ഉപകരണങ്ങളെ തെറ്റായ സ്ഥാനവിവരങ്ങൾ നൽകി വിശ്വസിപ്പിക്കുന്ന പ്രക്രിയയാണ്. ജാമ്മിങ്ങിൽനിന്ന് വ്യത്യസ്തമായി, സ്പൂഫിങ്ങിൽ സിഗ്നലുകൾ തടയുന്നതിനു പകരം, തെറ്റായ ജിപിഎസ് സിഗ്നലുകൾ ഉണ്ടാക്കി റിസീവറിനെ തെറ്റിദ്ധരിപ്പിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments