തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ 2022 ലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് എം. മുനീർ ഡിജിപിക്ക് പരാതി നൽകി. മന്ത്രിയായിരുന്ന കാലത്ത് കടകംപള്ളി സുരേന്ദ്രൻ തന്നോട് മോശമായി സംസാരിക്കുകയും അനുചിതമായി സമീപിക്കുകയും ചെയ്തുവെന്നാണ് സ്വപ്ന സുരേഷ് അന്ന് വെളിപ്പെടുത്തിയത്. ഓഫീസിലെത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ ശേഖരിച്ച് പിന്നീട് അവരെ മോശമായ രീതിയിൽ സമീപിച്ചുവെന്നും കടകംപ്പള്ളിക്കെതിരെ ആരോപണമുണ്ട്. ഇവയുടെ അടിസ്ഥാനത്തിൽ നടപടി ആവശ്യപ്പെട്ടാണ് പരാതി.
സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്‌ന സുരേഷ്, 2022-ല്‍ ചാനലുകളിലൂടെ കടകംപള്ളി സുരേന്ദ്രനെതിരെ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. അദ്ദേഹത്തില്‍നിന്ന് ലൈംഗിക അതിക്രമത്തിനുള്ള ശ്രമമുണ്ടായെന്നും മോശപ്പെട്ട രീതിയിലുള്ള സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നുമാണ് അന്ന് സ്വപ്‌ന വെളിപ്പെടുത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ മുന്‍ മന്ത്രിക്കെതിരെ കേസെടുക്കണം എന്നാണ് മുനീര്‍ ഡിജിപിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവതികൾ നടത്തിയ സമാന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നേരത്തെ കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം ഈ കേസിൽ മുന്നോട്ടുപോകുന്നതിനിടെയാണ് സിപിഎം നേതാവിനെതിരെ കോൺഗ്രസ് നേതാവ് പുതിയ പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച യുവതികൾ ഇതുവരെ ഔദ്യോഗിക പരാതി നൽകിയിട്ടില്ല.

