തിരുവനന്തപുരം: ഷാഫി പറമ്പിൽ എംപിയെ കോഴിക്കോട് വടകരയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ റോഡിൽതടഞ്ഞതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് ബുധനാഴ്ച രാത്രി നടത്തിയ മാർച്ച് തെരുവുയുദ്ധമായി.
വനിതകളടക്കമുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. പോലീസിന്റെ ജലപീരങ്കിക്കുനേരെ പ്രതിഷേധക്കാർ തീപ്പന്തമെറിഞ്ഞു. തുടർന്ന്, പോലീസ് ലാത്തിച്ചാർജ് നടത്തി. രാത്രി എട്ടരയോടെയായിരുന്നു സംഘർഷം
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ എസ്. നായർ, ഡിസിസി സെക്രട്ടറി ശ്രീകല, കോർപ്പറേഷൻ കൗൺസിലർ മേരി പുഷ്പം, ലീന എന്നിവരെ അറസ്റ്റു ചെയ്ത് രാത്രി വൈകീട്ടും നന്ദാവനം പോലീസ് ക്യാമ്പിൽ കസ്റ്റഡിയിൽ വെച്ചു.വനിതകളെ പോലീസ് വളഞ്ഞിട്ടുതല്ലിയെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

