ചൈനയ്ക്കെതിരെ താരിഫ് ഓര്‍മിപ്പിച്ച് യു.എസ് പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ്. റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ചൈനയും യുഎസും തമ്മില്‍ വ്യാപാര യുദ്ധമുണ്ടാകുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് ലീ ജെ മ്യുങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപ് ചൈനയുടെ കാര്യം പറഞ്ഞത്.
അവര്‍ ഞങ്ങള്‍ക്ക് റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ നല്‍കുന്നു. ഇത് മുടങ്ങിയാല്‍ ചൈനയ്ക്ക് 200 ശതമാനം താരിഫ് ഈടാക്കും എന്നായിരുന്നു ട്രംപിന്‍റെ വാക്കുകള്‍. ചൈനയെ യു.എസ് സമ്മര്‍ദ്ദത്തിലാക്കുന്നത് വിമാന ഭാഗങ്ങളുടെ കയറ്റുമതിയാണെന്നും ട്രംപ് പറഞ്ഞു. ഞങ്ങള്‍ക്ക് മൂലകങ്ങള്‍ നല്‍കാത്തതിനാല്‍ മനഃപൂർവം ചൈനയ്ക്ക് ബോയിങ് യന്ത്രഭാഗങ്ങള്‍ നല്‍കിയില്ല. ഇവരുടെ 200 വിമാനങ്ങള്‍ക്കാണ് പറക്കാന്‍ സാധിക്കാതിരുന്നത്.
500 വിമാനങ്ങൾ ചൈനയ്ക്ക് വിൽക്കാന്‍ ബോയിംഗ് ശ്രമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, യുഎസിലേക്കുള്ള ചൈനയുടെ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിയില്‍ വലിയ വര്‍ധനവാണ് അടുത്തിടെ ഉണ്ടായത്. ജൂണിൽ യുഎസിലേക്കുള്ള കയറ്റുമതി മുൻ മാസത്തേക്കാൾ 660 ശതമാനം വർധിച്ചിട്ടുണ്ട്.

