ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ബിജെപി അധ്യക്ഷനായേക്കുമെന്ന് അഭ്യൂഹം. ഞായറാഴ്ച വൈകീട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി ചൗഹാന്‍ 45-മിനിറ്റ് നീണ്ടു നിന്ന കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അഭ്യൂഹങ്ങളുയര്‍ന്നത്. ഡല്‍ഹിയിലെ ആര്‍എസ്എസ് ആസ്ഥാനത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച.
ആര്‍എസ്എസ് മേധാവിയുമായുള്ള ചൗഹാന്റെ കൂടിക്കാഴ്ച അടച്ചിട്ട മുറിയിലായിരുന്നുവെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു. അതിന് ശേഷം അദ്ദേഹം മധ്യപ്രദേശിലേക്ക് മടങ്ങിയിരുന്നു.
വര്‍ഷത്തിലേറെ മധ്യപ്രദേശ് ഭരിച്ച ശിവരാജ് സിങ് ചൗഹാന്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ്. ഗുജറാത്തിലെ നരേന്ദ്ര മോദിക്ക് സമാനമായി, അദ്ദേഹത്തിന്റെ ഭരണകാലം മധ്യപ്രദേശില്‍ ബിജെപിക്ക് സുസ്ഥിരമായ ഒരടിത്തറ നല്‍കിയിട്ടുണ്ട്. ഒബിസി നേതാവാണെങ്കിലും, ജാതിഭേദമന്യേ പിന്തുണ നേടാനുള്ള അദ്ദേഹത്തിന്റെ കഴിവ് കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കുകളില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുമുണ്ട്.
എന്നാല്‍ താന്‍ ബിജെപി അധ്യക്ഷനാകുമെന്ന അഭ്യൂഹങ്ങളോട് ചൗഹാന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, ‘ഞാന്‍ അതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല, ആരും എന്നോട് പറഞ്ഞിട്ടുമില്ല. എനിക്ക് അത് ചിന്തിക്കാന്‍ പോലും കഴിയില്ല. ഞാന്‍ കൃഷി, ഗ്രാമവികസന മന്ത്രിയാണ്. ഞാന്‍ ഈ ജോലി ഒരു ആരാധന പോലെയാണ് ചെയ്യുന്നത്. കര്‍ഷകരെ സേവിക്കുന്നത് എനിക്ക് ദൈവാരാധനയാണ്, ഈ ആരാധന തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ ചൗഹാന്‍ പറഞ്ഞു.
തനിക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കാര്‍ഷികോത്പാദനം എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്നതാണ് അത്. കര്‍ഷകരുടെ വരുമാനം എങ്ങനെ വര്‍ദ്ധിപ്പിക്കാം, ഗ്രാമപ്രദേശങ്ങളെ എങ്ങനെ വികസിപ്പിക്കാം. എങ്ങനെ കൂടുതല്‍ ‘ലക്പതി ദീദി’മാരെ സൃഷ്ടിക്കാം ഇതൊക്കെയാണ് തന്റെ ലക്ഷ്യമെന്നും ചൗഹാന്‍ പറഞ്ഞു.
ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക കുടുംബ വരുമാനം നേടുന്ന സ്വയം സഹായ സംഘത്തിലെ (SHG) അംഗമാണ് ‘ലക്പതി ദീദി’. ഇത് കേന്ദ്രസര്‍ക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നാണിത്.

