ഷിംല : ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് ഹനുമാനാണെന്ന ദേശീയ ബഹിരാകാശ ദിനത്തോടനു ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അനുരാഗ് ഠാക്കൂർ. ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ചു ഹിമാചൽ പ്രദേശിലെ പിഎം ശ്രീ സ്കൂളില്‍ നടത്തിയ ചടങ്ങിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്തായിരുന്നു അനുരാഗ് ഠാക്കൂറിന്റെ പരാമർശം. വിദ്യാർഥികളോട് പുസ്തകങ്ങൾക്കപ്പുറം ചിന്തിക്കാനും ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് അറിയണമെന്നും ഠാക്കൂർ പറഞ്ഞു.
വിദ്യാർഥികളോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ അനുരാഗ് ഠാക്കൂർ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു. ‘പവൻസുത് ഹനുമാൻ ജി….ആദ്യത്തെ ബഹിരാകാശ യാത്രികൻ’ എന്ന് കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
ആരാണ് ആദ്യത്തെ ബഹിരാകാശ സഞ്ചാരി എന്ന് ഠാക്കൂർ പരിപാടിക്കിടെ വിദ്യാർഥികളോട് ചോദിച്ചു. ‘അത് ഹനുമാനാണെന്ന് ഞാൻ കരുതുന്നു’ എന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു. നമ്മളിപ്പോഴും വർത്തമാനക്കാലത്തിലാണെന്നും ആയിരക്കണക്കിനു വർഷം പഴക്കമുള്ള പാരമ്പര്യം, അറിവ്, സംസ്കാരം എന്നിവ തിരിച്ചറിയാത്തിടത്തോളം ബ്രിട്ടിഷുകാർ കാണിച്ചു തന്നതുപോലെ നമ്മൾ തുടരുമെന്നും അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു. പ്രിൻസിപ്പലിനോടും വിദ്യാർഥികളോടും പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം ചിന്തിക്കാനും രാജ്യത്തിന്റെ പാരമ്പര്യത്തെയും അറിവിനെയും കുറിച്ച് മനസ്സിലാക്കണെമെന്നും ഠാക്കൂർ പറഞ്ഞു.

