ഹൈദരാബാദ്: സഹപ്രവർത്തകരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് സ്‌കൂളിലെ വാട്ടര്‍ടാങ്കില്‍ അധ്യാപകൻ കീടനാശിനി കലർത്തി. വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാന ജയശങ്കര്‍ ഭൂപല്‍പ്പള്ളിയിലെ അർബൻ റെസിഡൻഷ്യൽ സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം. സ്കൂളിലെ സയൻസ് അധ്യാപകനായ രാജേന്ദർ ആണ് കീടനാശിനി വെള്ളത്തിൽ കലർത്തിയത്.
കീടനാശിനിയുടെ കുപ്പി ഇയാള്‍ വിദ്യാര്‍ഥികളുടെ താമസ സ്ഥലത്ത് ഒളിപ്പിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കീടനാശിനി കണ്ടെത്തിയ സംഭവം അറിയിച്ചപ്പോൾ വിഷയം പുറത്തറിയിക്കരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. തന്നിലേക്ക് സംശയം വരാതിരിക്കാനായി രാജേന്ദര്‍ വെള്ളം കുടിച്ച് കാണിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പിന്നീട് ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളിൽ മിക്കവരെയും ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തിൽ രാജേന്ദറിനെയും മറ്റ് രണ്ട് അധ്യാപകരായ വേണു, സൂര്യപ്രകാശ്, പാചകക്കാരിയായ രാജേശ്വരി എന്നിവരെയും സസ്പെൻഡ് ചെയ്തു. വിദ്യാർഥികളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിലുള്ള തർക്കങ്ങളിൽ ഏർപ്പെടരുതെന്ന് സ്കൂൾ പ്രിൻസിപ്പലിനും ജീവനക്കാർക്കും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

