Friday, December 5, 2025
HomeIndiaപഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി സർക്കാർ

പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി സർക്കാർ

തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി പഴയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് കുത്തനെ കൂട്ടി. 20 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷന്‍ ഫീസ് 500 രൂപയില്‍നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയില്‍നിന്ന് പതിനായിരവുമായാണ് ഉയര്‍ത്തിയത്. ഓട്ടോറിക്ഷയുടേത് 800-ല്‍നിന്ന് 5000 രൂപയുമാക്കി.

കഴിഞ്ഞ ബജറ്റില്‍ പഴയവാഹനങ്ങളുടെ റോഡ് നികുതി ഇരട്ടിയാക്കി സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ പ്രഹരത്തിന് പുറമേയാണിത്. ചെറുകാറുകളുടെ രജിസ്ട്രേഷന്‍ പുതുക്കാന്‍ ഫീസും റോഡ് നികുതിയുമായി 20,000 രൂപയോളം ചെലവിടേണ്ടിവരും. ഇവയുടെ ഹരിതനികുതി 400-ല്‍നിന്ന് 600 രൂപയാക്കിയിരുന്നു. ഓട്ടോമറ്റിക് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ വരുമ്പോള്‍ ടെസ്റ്റിങ് ഫീസും നല്‍കേണ്ടിവരും. അറ്റകുറ്റപ്പണിക്കും പെയിന്റിങ്ങിനും ചെലവിടേണ്ട തുകകൂടി കണക്കാക്കുമ്പോള്‍ വാഹനത്തിന്റെ വിപണിമൂല്യത്തെക്കാള്‍ ചെലവുവരും.

കേന്ദ്രസര്‍ക്കാരാണ് നിരക്ക് വര്‍ധിപ്പിച്ചതെങ്കിലും നേട്ടം സംസ്ഥാനസര്‍ക്കാരിനാണ്. തുക സംസ്ഥാന ഖജനാവിലേക്കാണെത്തുക. കേന്ദ്രവിജ്ഞാപന പ്രകാരം ഓഗസ്റ്റ് 20 മുതല്‍ വര്‍ധനയ്ക്ക് പ്രാബല്യമുണ്ട്. ഈ ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ പുതുക്കിയ വാഹനങ്ങള്‍ വര്‍ധിപ്പിച്ച ഫീസ് അടയ്‌ക്കേണ്ടിവരും. വാഹന്‍ സോഫ്റ്റ്വേറില്‍ വര്‍ധന പ്രാബല്യത്തില്‍വരാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക ഓഫീസുകളിലും വെള്ളിയാഴ്ച പഴയവാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കല്‍ തടസ്സപ്പെട്ടു.

15 വര്‍ഷത്തിനുമേല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഫീസ് കേന്ദ്രസര്‍ക്കാര്‍ നേരത്തേ വര്‍ധിപ്പിച്ചിരുന്നു. ഇത് ഹൈക്കോടതി താത്കാലികമായി വിലക്കിയതിനാല്‍ നടപ്പായിട്ടില്ല. കേസില്‍ അന്തിമ തീര്‍പ്പാകുന്നതുവരെ പഴയ ഫീസ് അടച്ചാല്‍മതി.

ഇരുചക്രവാഹനങ്ങള്‍ക്ക് 500-ല്‍നിന്ന് 1000 രൂപയായും ഓട്ടോറിക്ഷകള്‍ക്ക് 800-ല്‍ നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങള്‍ക്ക് 800-ല്‍നിന്ന് 5000 രൂപയായിട്ടുമായിരുന്നു വര്‍ധന. ഉയര്‍ന്ന ഫീസ് ഈടാക്കാന്‍ കോടതിവിധിവന്നാല്‍ ഇതുവരെ രജിസ്ട്രേഷന്‍ പുതുക്കിയ വാഹനങ്ങളെല്ലാം അധികതുക അടയ്‌ക്കേണ്ടിവരും. ഇതിനുപുറമേയാണ് 20 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ ഫീസും വര്‍ധിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments