ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പും ചൂതാട്ടങ്ങളും നിരോധിക്കാനുള്ള ബിൽ കേന്ദ്രസർക്കാർ പാസാക്കിയതിനുപിന്നാലെ, പണം ഉപയോഗിച്ചുള്ള ഓൺലൈൻ ഗെയിമുകൾ നടത്തിയിരുന്ന പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനം അവസാനിപ്പിച്ചുതുടങ്ങി. ഡ്രീം 11, മൈ 11 സർക്കിൾ, വിൻസൊ, സുപ്പീ, പോകർബാസി തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തനം നിർത്തി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസറായ ഡ്രീം ഇലവന്റെ പരസ്യത്തിൽ എം.എസ്. ധോനി, രോഹിത് ശർമ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും പ്രമുഖ നടൻമാരും അഭിനയിച്ചിരുന്നു. പണം ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുന്നതായി ഡ്രീം ഇലവന്റെ ഉടമകളായ പ്ലേ ഗെയിംസ് 24×7 അറിയിച്ചു. വ്യാഴാഴ്ചയാണ് ഓൺലൈൻ വാതുവെപ്പ് നിരോധനബിൽ ലോക്‌സഭ പാസാക്കിയത്.
2023 മുതൽ മൂന്നുവർഷത്തേക്കാണ് ഡ്രീം 11 ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർമാരായി കരാർ ഒപ്പിട്ടത്. പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ, സെപ്റ്റംബർ ഒൻപതിന് തുടങ്ങുന്ന ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ ടീം പുതിയ സ്പോൺസറെ കണ്ടെത്തേണ്ടിവരും. അല്ലെങ്കിൽ സ്പോൺസർ ഇല്ലാതെ മത്സരിക്കാൻ ഇറങ്ങേണ്ടിവരും.

