യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുഎസിന്റെ പാരമ്പര്യത്തിൽ നിന്നുള്ള പ്രകടമായ ചുവടുമാറ്റമാണ് ട്രംപിന്റേതെന്നും മുൻപൊരിക്കലും ഒരു യുഎസ് പ്രസിഡന്റ് വിദേശനയത്തെ ഇത്തരത്തിൽ കൈകാര്യം ചെയ്തിട്ടില്ലെന്നും ജയശങ്കർ ഡൽഹിയിൽ ഒരു പരിപാടിയിൽ പറഞ്ഞു
ലോക രാജ്യങ്ങളോടും സ്വന്തം രാജ്യത്തോടും ട്രംപ് പെരുമാറുന്നത് അമേരിക്കയുടെ പരമ്പരാഗത നയത്തിൽനിന്ന് വ്യതിചലിച്ചുകൊണ്ടാണ്. പല നയങ്ങളും ട്രംപ് ആദ്യം ‘പബ്ലിക്’ ആയി പ്രഖ്യാപിക്കുകയാണ്. ബന്ധപ്പെട്ട രാജ്യങ്ങളെപ്പോലും അതിനുശേഷമാണ് അറിയിക്കുന്നത്. ഇത് അസാധാരണമാണെന്നും ലോകമാകെ അത് നേരിടുകയാണെന്നും ജയശങ്കർ പറഞ്ഞു.
ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകളെക്കുറിച്ചും ജയശങ്കർ പ്രതികരിച്ചു. ചില ‘ലക്ഷ്മണ രേഖകൾ’ മറികടക്കാനാവില്ലെന്നും കർഷകരുടെയും ചെറുകിട സംരംഭകകരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യൻ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ഇന്ത്യയെ ആക്രമിക്കുകയാണ് യുഎസ്. എന്നാൽ, റഷ്യൻ എണ്ണ ഏറ്റവുമധികം വാങ്ങുന്ന ചൈനയോട് ആ സമീപനം യുഎസിന് ഇല്ല. റഷ്യയുടെ എൽഎൻജി ഇപ്പോഴും ഏറ്റവുമധികം വാങ്ങുന്നത് യൂറോപ്യൻ യൂണിയനാണ്. അവരോടും യുഎസിന് ഈ സമീപനമല്ല ഉള്ളതെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെയും ലോകത്തിന്റെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങുന്നത്. 2022ൽ (റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ തുടക്കം) എണ്ണവില കുത്തനെ കൂടുമെന്ന ആശങ്ക ലോകമാകെ ഉണ്ടായിരുന്നു. ആ സമയം ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നെങ്കിൽ ആയിക്കോട്ടെ എന്ന് എല്ലാവരും പഞ്ഞു. എണ്ണവില സ്ഥിരത നേടുമെന്നും ഏവരും അഭിപ്രായപ്പെട്ടു.

