ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത അലുമിനിയം പാത്രത്തിന് സുരക്ഷ മുന്നറിയിപ്പ് നൽകി യുഎസ് എഫ്ഡിഎ( ഫുഡ് ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ). അനാരോഗ്യകരമായ അളവിൽ ഇവയിൽനിന്ന് ഭക്ഷണത്തിലേക്ക് ലെഡ് എത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ചെറുകിട സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും ഇറക്കുമതി ചെയ്ത ഈ കമ്പനിയുടെ പാത്രങ്ങൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഹരിയാനയിൽ പ്രവർത്തിക്കുന്ന സരസ്വതി സ്ട്രിപ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ടൈഗർ വൈറ്റ് ബ്രാൻഡിന്റെ കടായ്ക്കെതിരെയാണ് സുരക്ഷ മുന്നറിയിപ്പ്.
ഇന്ത്യയിൽ പ്യുവർ അലുമിനിയം യൂട്ടൻസിൽസ് (ടൈഗർ വൈറ്റ്) എന്ന പേരിലാണ് ഇവ പുറത്തിറങ്ങുന്നത്. അലുമിനിയം, ബ്രാസ്, ഹിൻഡാലിയം തുടങ്ങിയ ലോഹങ്ങളിൽനിന്ന് നിർമിച്ച പാത്രം കടായ് പാചകത്തിന് ഉപയോഗിക്കുമ്പോൾ അനാരോഗ്യകരമായ അളവിൽ ലെഡ് ഭക്ഷണങ്ങളിലേക്ക് എത്തുയതായി എഫ്‌ഡിഎ വ്യക്തമാക്കി.എന്നാൽ, ഈ ഉൽപ്പന്നത്തിന്റെ വിതരണക്കാരെ കണ്ടെത്താൻ എഫ്‌ഡിഎയ്ക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ ഉൽപ്പന്നം ഇപ്പോഴും കടകളിൽ ലഭ്യമായേക്കാം എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

