കൊച്ചി: അമേരിക്കയിലെ പരിപാടിയില്‍ നിന്നും കോണ്‍ഗ്രസ് നേതാവും എംഎൽഎ യുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി സംഘാടകര്‍. ഷിക്കാഗോ സോഷ്യല്‍ ക്ലബ് അന്താരാഷ്ട്ര വടംവലി മത്സരവുമായി ബന്ധപ്പെട്ട പരിപാടിയിൽ നിന്നാണ് രാഹുലിനെ ഒഴിവാക്കിയത്. പരിപാടിയിലെ മുഖ്യാതിഥി രാഹുലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായും ഇന്നുമായും രാഹുലിനെതിരെ വെളിപ്പെടുത്തലുമായി സ്ത്രീകൾ മുന്നോട്ട് വന്നിരുന്നു. ഇതേ തുടർന്നാണ് രാഹുലിനെ പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ട എന്ന സംഘാടകരുടെ നിലപാട്.
യുവതികളുടെ വെളിപ്പെടുത്തലുകൾക്ക് പിറകെ പാലക്കാട് നഗരസഭയും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ നിന്നും രാഹുല്‍ വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുകയായിരുന്നു. കൊച്ചിയിലെ ട്രാന്‍സ്‌ജെന്‍ഡറും രാഹുലിനെതിരെ ഗുരുതരാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഗുരുതര വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ രാജിവെച്ചു.
പരാതി ലഭിച്ചാല്‍ മാത്രമാണ് പൊലീസ് തുടർ നടപടികളിലേക്ക് കടക്കുക. നിലവില്‍ ആരും തന്നെ രാഹുലിനെതിരെ പരാതി നല്‍കിയിട്ടില്ല.

