ന്യൂജേഴ്സി: എറിന്‍ ചുഴലിക്കാറ്റിനെ നേരിടാന്‍ അതീവ ജാഗ്രതയുടെ ഭാഗമായി ഗവര്‍ണര്‍ ഫില്‍ മര്‍ഫി ന്യൂജേഴ്സിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍ പ്രാബല്യത്തില്‍ വരും.
ശക്തമായ കാറ്റും തിരമാലകളും മൂലം വടക്കന്‍ കരോലിനയുടെ തീരഭാഗങ്ങളില്‍ ചുഴലിക്കാറ്റ് നാശം വിതച്ചിരുന്നു. പ്രധാന ഹൈവേയുടെ ഒരു ഭാഗം വെള്ളപ്പൊക്കത്തില്‍ മുങ്ങി. ഒരു വാട്ടര്‍സൈഡ് മോട്ടലിന് കേടുപാടുകള്‍ സംഭവിച്ചു. കാറ്റ് അടുത്ത കുറച്ച് ദിവസങ്ങളില്‍ ദുര്‍ബലമാകുമെന്നും പ്രവചനമുണ്ട്.
ന്യൂജേഴ്സി നിരവധി കൗണ്ടികള്‍ക്ക് മിന്നല്‍ പ്രളയ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന തിരമാല മുന്നറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. 50 മൈല്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും തീരത്ത് 17 അടി വരെ ഉയരത്തില്‍ വലിയ തിരമാലകള്‍ ഉണ്ടായേക്കുമെന്നുമാണ് മുന്നറിയിപ്പ്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്ന് മുതല്‍ മൂന്ന് അടി വരെ ഉയരത്തില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്താനും നിര്‍ദേശമുണ്ട്.
അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളില്‍ കൊടുങ്കാറ്റ് ന്യൂജേഴ്‌സിയെ കടന്നുപോകുമെന്നും ജനങ്ങള്‍ പ്രാദേശിക കാലാവസ്ഥാ പ്രവചനങ്ങളും മുന്നറിയിപ്പുകളും നിരീക്ഷിക്കണമെന്നും മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും ഗവര്‍ണര്‍ മര്‍ഫി പറഞ്ഞു.

