വാഷിങ്ടൺ: ഇന്ത്യയുമായുള്ള ബന്ധം ശക്തപ്പെടുത്താനുള്ള നടപടികൾ യു.എസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് യു.എന്നിലെ മുൻ യു.എസ് അംബാസഡർ നിക്കി ഹാലെ. ദശാബ്ദങ്ങളായി വളർന്നുവന്ന ബന്ധം നശിപ്പിക്കുന്നത് തന്ത്രപരമായ പിഴവായി മാറുമെന്നും നിക്കി പറഞ്ഞു. ഇന്ത്യ-യു.എസ് ബന്ധം വഷളാവുന്നതിനിടെയാണ് നിക്കിയുടെ പരാമർശം.
ഒരു ലേഖനത്തിലാണ് നിക്കിയുടെ വിമർശനം. ജനാധിപത്യത്തിൽ ഊന്നി പ്രവർത്തിക്കുന്ന ഇന്ത്യയുടെ വളർച്ച ലോകത്തിന് തന്നെ ഗുണകരമാവും. കമ്യൂണിസ്റ്റ് ചൈന പോലയല്ല ഇന്ത്യ. ചൈനയുടെ വളർച്ച ലോകത്തിന് തന്നെ ഭീഷണിയാണെന്നും അവർ പറഞ്ഞു. ചൈനയെ എതിർക്കാൻ ഇന്ത്യ-യു.എസ് കൂട്ടുകെട്ടിന് കഴിയുമെന്നും നിക്കി ഹാലെ പറഞ്ഞു.
ചൈനയുടെ ആശ്രിതത്വം കുറക്കാൻ ഇന്ത്യ യു.എസിനെ സഹായിച്ചിട്ടുണ്ട്. ട്രംപ് ഭരണകൂടം നമ്മുടെ രാജ്യത്തേക്ക് ഉൽപ്പാദനം തിരികെ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ, തുണിത്തരങ്ങൾ, വിലകുറഞ്ഞ ഫോണുകൾ, സോളാർ പാനലുകൾ എന്നിവ പോലുള്ള വേഗത്തിലോ കാര്യക്ഷമമായോ യു.എസിൽ നിർമിക്കാൻ കഴിയാത്ത ഉൽപ്പന്നങ്ങൾ ചൈനയെപ്പോലെ നിർമിക്കാൻ ഇന്ത്യക്ക് മാത്രമേ കഴിയുവെന്നും നിക്കി ഹാലെ പറഞ്ഞു.
ഇന്ത്യ ഓരോ ദിവസം പ്രതിരോധ മേഖലയിൽ മുന്നേറുകയാണ്. മിഡിൽ ഈസ്റ്റുമായി തന്ത്രപരമായ ബന്ധം ഇന്ത്യക്കുണ്ട്. 2023ൽ ചൈനയെ മറികടന്ന് ഇന്ത്യ ജനസംഖ്യയിൽ ഒന്നാമതെത്തി. ഏറ്റവും കൂടുതൽ യുവാക്കൾ ഉള്ളത് ഇന്ത്യയിലാണ്. ആഗോളലോകക്രമത്തെ പുനക്രമീകരിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് ഏറ്റവും വലിയ വെല്ലുവിളി ഇന്ത്യയാണെന്നും നിക്കി ഹാലെ പറഞ്ഞു.

