കൊച്ചി: പീഡനക്കേസില്‍ റാപ്പർ വേടൻ (ഹിരണ്‍ദാസ് മുരളി) സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയില്‍ ബുധനാഴ്ചയും വാദംതുടരും. ചൊവ്വാഴ്ച നടന്ന വാദത്തിനൊടുവില്‍ കേസില്‍ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല നിർദേശം നല്‍കി. മുൻകൂർ ജാമ്യഹർജിയില്‍ തീരുമാനമാകുംവരെ അറസ്റ്റ് പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ഇത് കേസില്‍ വേടന് താത്കാലിക ആശ്വാസമായി.
ചൊവ്വാഴ്ച നടന്ന വാദത്തില്‍ പരാതിക്കാരി വേടനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ആവർത്തിച്ചു. വിവാഹവാഗ്ദാനം നല്‍കിയാണ് വേടൻ പീഡിപ്പിച്ചത്. എന്നാല്‍, പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ എല്ലാം ഉപേക്ഷിച്ചുപോയി. ഇതോടെ മാനസികനില തകരാറിലായി. കാലങ്ങളോളം ചികിത്സ തേടേണ്ടി വന്നു. ഏറെ കാലമെടുത്താണ് സാധാരണജീവിതത്തിലേക്ക് തനിക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയില്‍ പറഞ്ഞു. വേടനെതിരേ രണ്ട് ലൈംഗികാതിക്രമ പരാതികള്‍ കൂടി ഉയർന്നിട്ടുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു.
ചൊവ്വാഴ്ചത്തെ വാദത്തിനിടെ കോടതി സുപ്രധാനമായ ചില ചോദ്യങ്ങളും ഉന്നയിച്ചു. പ്രണയകാലത്തെ ലൈംഗികബന്ധം പിന്നീട് ബലാത്സംഗക്കുറ്റമായി ആരോപിക്കാൻ കഴിയുമോ എന്നായിരുന്നു വാദത്തിനിടെ ഹൈക്കോടതിയുടെ ചോദ്യം. കഴിഞ്ഞദിവസത്തെ വാദത്തിലടക്കം യുവഡോക്ടറുമായുള്ള ബന്ധം വേടൻ നിഷേധിച്ചിരുന്നില്ല. എന്നാല്‍, വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു വേടന്റെ വാദം. ജാമ്യഹർജിയില്‍ പ്രോസിക്യൂഷന്റെ വാദം ഇതുവരെ നടന്നിട്ടില്ല.
കഴിഞ്ഞദിവസം വേടന്റെ ജാമ്യഹർജി പരിഗണിച്ചപ്പോള്‍ പരാതിക്കാരിയും കക്ഷിചേർന്നിരുന്നു. പ്രതിക്കെതിരേയുള്ള കൂടുതല്‍രേഖകള്‍ ഹാജരാക്കാനും പരാതിക്കാരിക്ക് കോടതി സമയം അനുവദിച്ചു. അതേസമയം, യുവഡോക്ടറുടെ പീഡനപരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍പോയ വേടനെ പോലീസിന് പിടികൂടാനായിരുന്നില്ല. ഇയാള്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിരുന്നു.
അതിനിടെ, വേടനെതിരേ രണ്ട് യുവതികള്‍കൂടി ലൈംഗികാതിക്രമ പരാതികള്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇരുവരും പരാതി നല്‍കിയത്. ഒരാള്‍ 2020-ലും മറ്റൊരാള്‍ 2021-ലും വേടനില്‍നിന്ന് അതിക്രമം നേരിട്ടെന്നാണ് പരാതിയില്‍ പറയുന്നത്.
യുവഡോക്ടറുടെ പരാതിയിൽ പറയുന്നത് കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്ളാറ്റ് എന്നിവിടങ്ങളില്‍വെച്ച് വേടൻ പീഡിപ്പിച്ചു . വർഷങ്ങളോളം തന്നെ ശാരീരികമായും മാനസികമായും സാമ്ബത്തികമായും ചൂഷണം ചെയ്തെന്നും യുവതി ആരോപിച്ചിരുന്നു.
ആദ്യമായി തന്നെ ചുംബിച്ചതുപോലും അനുവാദമില്ലാതെയാണ്. ആദ്യം താനുമായി ലൈംഗികബന്ധം ഉണ്ടായതും അത്തരത്തിലായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. വേടന്റെ പാട്ടുകളോടും നിലപാടുകളോടും തോന്നിയ ആരാധനയെ തുടർന്നാണ് ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടത്. 2021 ഓഗസ്റ്റില്‍ കോഴിക്കോട് താൻ താമസിച്ചിരുന്ന സ്ഥലത്ത് വേടൻ വന്നു. അവിടെ അന്ന് തറയില്‍ ഒരു ബെഡ് ഇട്ടാണ് ഇരുന്നത്. അവിടെവെച്ച് തന്നോട് സംസാരിച്ചുകൊണ്ടിരിക്കുകയും അതിനിടയില്‍ അനുമതിയില്ലാതെ തന്നെ ചുംബിക്കുകയുമായിരുന്നു. പിന്നീട് ബലാത്സംഗം ചെയ്തു. മൂന്നുദിവസം തന്നോടൊപ്പം വേടൻ അവിടെ താമസിച്ചു. പിന്നീട് കൊച്ചിയിലും ഏലൂരിലുംവെച്ചും പീഡനം തുടർന്നു.
2023 ജൂലൈ മാസത്തില്‍ വേടൻ കൊച്ചിയിലെ പരിപാടി കഴിഞ്ഞ് തന്റെ താമസ സ്ഥലത്ത് എത്തുകയും തനിക്ക് വേറെയും ബന്ധങ്ങള്‍ ഉണ്ടെന്നും ബന്ധങ്ങള്‍ക്ക് നീ ഒരു തടസ്സമാണെന്നും പറഞ്ഞു. വളരെ ടോക്സിക് ആയ റിലേഷൻഷിപ്പ് ആണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് തന്റെ മുമ്പിൽ നിന്നും വേടൻ ഇറങ്ങിപ്പോയത്. ഇതിനുശേഷം തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും വേടൻ വന്നില്ല. ഇതിനുപിന്നാലെ താൻ വളരെ വിഷാദത്തിലായെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പിന്നീട് വേടൻ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറയുകയും ആ ഘട്ടത്തിലാണ് അന്ന് തന്നെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് മനസിലായതെന്നും പരാതിയിലുണ്ട്.
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ ഒഴിവാക്കി പോവുകയാണ് ചെയ്തത്. തന്നെ ടോക്സിക്കാണെന്ന് പറഞ്ഞ് മാനസികമായി കൂടി തകർക്കുകയായിരുന്നു വേടന്റെ ലക്ഷ്യം. താൻ കടന്നുപോയ മാനസികസമ്മർദത്തിന്റെയും അനുഭവിച്ച വിഷാദത്തിന്റെയും പശ്ചാത്തലത്തിലാണ് പരാതി കൊടുക്കാൻ വൈകിയതെന്നും യുവഡോക്ടർ പറഞ്ഞിരുന്നു.
2021 ഡിസംബറില്‍ പാട്ട് റിലീസ് ചെയ്യാൻ പൈസ വേണം എന്ന് ആവശ്യപ്പെടുകയും പതിനായിരം രൂപ കൊടുക്കുകയും ചെയ്തു. ഡിസംബർ 19-ന് വീണ്ടും കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ടു. അന്ന് 5000 രൂപയും കൊടുത്തു. 2021- 23 കാലഘട്ടത്തില്‍ ഏതാണ്ട് പതിനാറായിരത്തോളം രൂപ നല്‍കി. ഇത്തരത്തില്‍ പലപ്പോഴായി വേടൻ 31000 രൂപ വാങ്ങിയിട്ടുണ്ട്. ഈ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളും പരാതിയുടെ ഭാഗമായി യുവതി നല്‍കിയിരുന്നു. കൂടാതെ 8356 രൂപയ്ക്ക് വേടന് പലപ്പോഴായി ട്രെയിൻ ടിക്കറ്റ് എടുത്തു കൊടുത്തിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ സ്ക്രീൻഷോട്ടുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമടക്കമാണ് പരാതി നല്‍കിയിരുന്നത്.

