ദോഹ: ഗൾഫ് മേഖലയിൽ തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ രാജ്യമായി ഖത്തർ. തൊഴിൽ വിപണിയിലെ ഉയർന്ന കാര്യക്ഷമതയാണ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ഖത്തറിനെ മുൻപിലെത്തിച്ചത്. 2024 ആദ്യ പാദത്തിൽ ജിസിസിയിൽ വെച്ചേറ്റവും കുറഞ്ഞ നിരക്കാണ് ഖത്തറിലേത് (0.1).ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പുറത്തിറക്കിയ റിപ്പോർട്ടിലാണിത്.
ജിസിസിയിലെ പ്രവാസി തൊഴിലാളികളുടെ കാര്യത്തിലും ഏറ്റവും ഉയർന്ന അനുപാതമുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തർ. മൊത്തം തൊഴിൽ മേഖലയിൽ 84.5 ശതമാനം പേരും പ്രവാസികളാണ്. സൗദി അറേബ്യയിൽ 85.1 ശതമാനവും ഒമാനിൽ 86, കുവൈത്തിൽ 74.4 ശതമാനം പേരും പ്രവാസികളാണ്. മറ്റ് ജിസിസി രാജ്യങ്ങളിൽ തൊഴിലില്ലായ്മ കൂടുതലാണ്. പ്രത്യേകിച്ചും സ്ത്രീകൾക്കിടയിൽ. ജിസിസി രാജ്യങ്ങളിൽ ഒമാനിലാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ-3.6 ശതമാനമാണിവിടെ. സൗദി അറേബ്യയാണ് രണ്ടാമത് -3.5 ശതമാനം.
ജിസിസി രാജ്യങ്ങളിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് കൂടുതലാണ്-10.8 ശതമാനം. അതേസമയം പുരുഷന്മാർക്കിടയിൽ 1.6 ശതമാനം പേർക്ക് മാത്രമാണ് ജോലി ഇല്ലാത്തത്. ഖത്തറിൽ പക്ഷേ പുരുഷ, സ്ത്രീ വിഭാഗത്തിൽ തൊഴിലില്ലായ്മ കുറവാണ്. സ്ത്രീകൾക്കിടയിൽ 0.4 ശതമാനം പേരും പുരുഷന്മാർക്കിടയിൽ 0.1 ശതമാനം പേരും മാത്രമാണ് തൊഴിൽ ഇല്ലാത്തവർ. ഖത്തറിൽ പ്രവാസി ജോലിക്കാരിൽ 15.5 ശതമാനം പേരും സ്ത്രീകളാണ്.

