Friday, December 5, 2025
HomeIndiaസ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും വിട്ടുനിന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷനും: പ്രതികരിച്ച് ബിജെപി വൃത്തങ്ങൾ

സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും വിട്ടുനിന്ന് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷനും: പ്രതികരിച്ച് ബിജെപി വൃത്തങ്ങൾ

ന്യൂഡൽഹി : ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്നും വിട്ടുനിന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും. കഴിഞ്ഞ വർഷത്തെ ഇരിപ്പിട ക്രമീകരണത്തിലെ നീരസമാണ് രാഹുൽ ഗാന്ധി പരിപാടിയിൽനിന്ന് വിട്ടുനിന്നതിനു പിന്നിലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. വോട്ടർ പട്ടിക ക്രമക്കേടിൽ‌ സർക്കാരിനെതിരെ പോരാട്ടം കടുപ്പിച്ചിരിക്കെയാണ് നേതാക്കൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണം കോൺഗ്രസ് നേതാക്കൾ ആരും നടത്തിയിട്ടില്ല. 

പ്രോട്ടോക്കോൾ അനുസരിച്ച് പ്രതിപക്ഷ നേതാവ് മുൻനിരയിലാണ് ഇരിക്കേണ്ടത്. എന്നാൽ കഴിഞ്ഞ വർഷം രാഹുൽ ഗാന്ധിക്ക് മുൻ നിരയിൽ ഇരിപ്പിടം അനുവദിച്ചിരുന്നില്ല. പിന്നിൽ നിന്നും രണ്ടാമത്തെ നിരയിലായിരുന്നു രാഹുലിന്റെ ഇരിപ്പിടം. ഒളിംപിക്സ് താരങ്ങൾക്കായി നടത്തിയ ഇരിപ്പിട ക്രമീകരണത്തെ തുടർന്നാണ് അത് സംഭവിച്ചത് എന്നായിരുന്നു പ്രതിരോധ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാൽ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, ശിവരാജ് സിങ് ചൗഹാൻ, എസ്. ജയ്ശങ്കർ തുടങ്ങിയവർ മുൻ നിരയിലാണ് ഇരുന്നത്.  രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുക്കാതെ വിട്ടുനിന്നതിനെതിരെ ബിജെപി രംഗത്തെത്തി. 

എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മല്ലികാർജുൻ ഖർഗെ ദേശീയ പതാക ഉയർത്തി.ഇതൊരു ദേശീയ ആഘോഷമായിരുന്നുവെന്നും പക്ഷേ പാക്കിസ്ഥാനെ സ്നേഹിക്കുന്ന രാഹുൽ പങ്കെടുക്കാത്തത് ദുഃഖകരമാണെന്നും ബിജെപി വക്താവ് ഷെഹ്‌സാദ് പൂനവല്ല വിമർശിച്ചു.

 സ്വാതന്ത്ര്യ സമരത്തിന്റെ വിലയേറിയ പൈതൃകത്തിന്റെ അഭിമാനവും ആദരവും സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും കടമയാണെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. നമ്മുടെ ജനാധിപത്യം വിലമതിക്കുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവയുടെ മൂല്യങ്ങൾക്കായി സ്വയം സമർപ്പിക്കാനുള്ള ഒരു മഹത്തായ അവസരമാണ് സ്വാതന്ത്ര്യദിനമെന്ന് മല്ലികാർജുൻ ഖർഗെ എക്സിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments