ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനും യുവ ക്രിക്കറ്റ് താരവുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോര്‍ട്ട്. സാനിയ ചന്ദോക്കാണ് അര്‍ജുന്റെ വധുവാകുന്നത്. സ്വകാര്യ ചടങ്ങിലായിരുന്നു ആഘോഷമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അര്‍ജുനും സാനിയയും സ്വകാര്യമായി വിവാഹനിശ്ചയം നടത്തിയെന്നും അതിനാല്‍ ഇരുകൂട്ടരുടേയും അടുത്ത സുഹൃത്തുക്കളും കുടുംബങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെയും സാനിയ ചന്ദോക്കിന്റെയും കുടുംബങ്ങള്‍ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.
ഇന്ത്യാ ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, മുംബൈയിലെ പ്രശസ്ത സംരംഭകനായ രവി ഘായിയുടെ ചെറുമകളാണ് സാനിയ. ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വ്യവസായങ്ങളിലെ സേവനങ്ങള്‍ക്ക് ഗായ് കുടുംബം പ്രശസ്തമാണ്. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിന്റെയും ബ്രൂക്ലിന്‍ ക്രീമറിയുടെയും ഉടമകളാണ്.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. 2023 ലാണ് ഇദ്ദേഹം ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ ഗോവക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. അര്‍ജുന്‍ ഒരു ഇടംകൈയ്യന്‍ പേസര്‍ ആണ്. 17 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 37 വിക്കറ്റുകളും 532 റണ്‍സും നേടിയിട്ടുണ്ട്. അര്‍ജുന്‍ 24 ടി20 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റുകളും 119 റണ്‍സും നേടിയിട്ടുണ്ട്. 18 ഏകദിനങ്ങളില്‍ (ലിസ്റ്റ് എ) കളിച്ചിട്ടുള്ള അദ്ദേഹം 25 വിക്കറ്റുകളും 102 റണ്‍സും നേടിയിട്ടുണ്ട്.
അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ആദ്യ ഐപിഎല്‍ വിക്കറ്റ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഭുവനേശ്വര്‍ കുമാറായിരുന്നു എന്നത് വിലമതിക്കാനാവാത്ത നേട്ടമായിരുന്നു.

