യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വപ്‌ന പദ്ധതികളിലൊന്നാണ് വ്യോമാക്രമണങ്ങളില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കാനുള്ള ഗോള്‍ഡന്‍ ഡോം. പ്രാഥമിക വിലയിരുത്തലുകള്‍ പ്രകാരം 17,500 കോടി ഡോളര്‍ ( ഏകദേശം 15.30 ലക്ഷം കോടി രൂപ)യാണ് ഡോള്‍ഡന്‍ ഡോമിന് ചെലവാകുക എന്നാണ് കണക്കാക്കുന്നത്. നാല് ലെയറുകളിലായാണ് ഗോള്‍ഡന്‍ ഡോം അമേരിക്കയ്ക്ക് സുരക്ഷയൊരുക്കുക എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 2028ന് ഗോള്‍ഡന്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് ട്രംപിന്റെ അന്ത്യശാസനം.
ബഹിരാകാശത്ത് നിന്ന് നിരീക്ഷിക്കുകയും ആക്രമണങ്ങളെ കണ്ടെത്തി തകര്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഉപഗ്രഹ ശൃംഖലയാണ് പ്രധാനപ്പെട്ടത്. ഇതിനൊപ്പം കരയില്‍ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന മിസൈലുകള്‍ ഉപയോഗിക്കുന്ന ഇന്റര്‍സെപ്റ്റര്‍ സംവിധാനം, റഡാര്‍ സംവിധാനങ്ങള്‍, ലേസര്‍ അധിഷ്ഠിത പ്രതിരോധ സംവിധാനം എന്നിങ്ങനെ നാല് ലെയറുകളിലായായിരിക്കും ഗോള്‍ഡന്‍ ഡോം സജ്ജമാകുക. ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള നെക്സ്റ്റ് ജനറേഷന്‍ ഇന്റര്‍സെപ്റ്റര്‍ വികസിപ്പിക്കുക യുഎസ് ആയുധഭീമനായ ലോക്ഹീഡ് മാര്‍ട്ടിന്‍ ആകും. നിലവില്‍ യു.എസിന്റെ പക്കലുള്ള ടെര്‍മിനല്‍ ഹൈ ആള്‍ട്ടിട്യൂഡ് ഏരിയ ഡിഫന്‍സ് ( ഥാഡ്) മിസൈല്‍ സംവിധാനത്തിന് പകരമാകും ഇവ.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനായി യു.എസിന്റെ പക്കലുള്ള ഗ്രൗണ്ട് ബേസ്ഡ് മിഡ്‌കോഴ്‌സ് ഡിഫന്‍സ് ( ജിഎംഡി) മിസൈല്‍ സംവിധാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാകും നെക്‌സറ്റ് ജനറേഷന്‍ ഇന്റര്‍സെപ്റ്റര്‍. നിലവില്‍ കാലിഫോര്‍ണിയ, അലാസ്‌ക എന്നിവിടങ്ങളിലായാണ് ജിഎംഡി സ്ഥാപിച്ചിരിക്കുന്നത്. മൂന്നാമതൊരു സ്ഥലത്തുകൂടി ഈ സംവിധാനം സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

