Friday, December 5, 2025
HomeNewsപാക്കിസ്ഥാനിലേക്കുള്ള ജലവിതരണം ഇന്ത്യ  നിർത്തിയതിൽ തിരിച്ചടിക്കുമെന്ന് ഭീഷണി മുഴക്കി പാക് പ്രധാനമന്ത്രി

പാക്കിസ്ഥാനിലേക്കുള്ള ജലവിതരണം ഇന്ത്യ  നിർത്തിയതിൽ തിരിച്ചടിക്കുമെന്ന് ഭീഷണി മുഴക്കി പാക് പ്രധാനമന്ത്രി

കറാച്ചി : സിന്ധു നദീജല കരാർ ലംഘിച്ച് പാക്കിസ്ഥാനിലേക്കുള്ള ജലവിതരണം ഇന്ത്യ  നിർത്തിയാൽ ‘നിർണായക പ്രതികരണം’ ഉണ്ടാകുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഭീഷണി. പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറും മുൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോയും സമാന ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഷഹബാസ് ഷെരീഫിന്റെ പ്രസ്താവന.

ശത്രുവിനു പാക്കിസ്ഥാനിൽനിന്നു ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാൻ കഴിയില്ലെന്ന് ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഇന്ത്യ ഞങ്ങളുടെ ജലം തടയുമെന്ന് ഭീഷണിപ്പെടുത്തി. അങ്ങനെയൊരു നീക്കം നടത്താൻ ശ്രമിച്ചാൽ, പാക്കിസ്ഥാൻ ഒരിക്കലും മറക്കാനാവാത്ത പാഠം പഠിപ്പിക്കുമെന്നും ഷഹബാസ് പറഞ്ഞതായി ‘എഎൻഐ’ റിപ്പോർട്ട് ചെയ്തു.

വെള്ളം പാക്കിസ്ഥാന്റെ ‘ജീവനാഡി’ ആണെന്ന് ഷഹബാസ് വിശേഷിപ്പിച്ചു. രാജ്യാന്തര ഉടമ്പടികൾ പ്രകാരമുള്ള രാജ്യത്തിന്റെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞു. 26 പേർ കൊല്ലപ്പെട്ട ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീജല കരാർ നിർത്തിവയ്ക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഭീഷണിയുമായി പാക്ക് നേതാക്കൾ രംഗത്തെത്തിയത്.

പാക്കിസ്ഥാൻ ആണവ രാഷ്ട്രമാണെന്നും തങ്ങളെ തകർത്താൽ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ പോകൂ എന്നുമാണ് യുഎസിൽ പാക്ക് വംശജരുടെ യോഗത്തിൽ സൈനിക മേധാവി അസിം മുനീർ പറഞ്ഞത്. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണകെട്ടിയാൽ അതു പൂർത്തിയാകുന്നതുവരെ കാത്തിരിക്കും, തുടർന്ന് മിസൈൽ അയച്ച് അതു തകർക്കുമെന്നും മുനീർ വ്യക്തമാക്കിയിരുന്നു. യുദ്ധമുണ്ടായാൽ 6 നദികളുടെ അധികാരം പാക്കിസ്ഥാൻ പിടിച്ചെടുക്കുമെന്നാണ് ബിലാവൽ പറഞ്ഞത്.

പാക്കിസ്ഥാനും ഒപ്പിട്ട സിന്ധു നദീജല കരാർ അനുസരിച്ച് കിഴക്കു ഭാഗത്തെ രവി, ബിയാസ്, സത്‍ലജ് നദികളിലെ ജലം പരമാവധി ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്. പടിഞ്ഞാറുഭാഗത്തെ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജലം പാക്കിസ്ഥാനും ഉപയോഗിക്കാം. 65 വർഷം പഴക്കമുള്ള ഈ കരാർ കാലഹരണപ്പെട്ടുവെന്നും പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് പുനഃപരിശോധന വേണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെടുന്നത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments