ന്യൂഡൽഹി : ഡൽഹിയിൽനിന്നു വാഷിങ്ടൻ ഡിസിയിലേക്കുള്ള വിമാനസർവീസ് സെപ്റ്റംബർ 1 മുതൽ എയർ ഇന്ത്യ നിർത്തിവയ്ക്കുന്നു. ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളുടെ നവീകരണവും പാക്കിസ്ഥാൻ വ്യോമപാത അടച്ചതും ആണ് സർവീസുകൾ പുനഃക്രമീകരിക്കാൻ കാരണം. നിലവിൽ ആഴ്ചയിൽ 5 ഡൽഹി – വാഷിങ്ടൻ സർവീസുകളാണുള്ളത്.
സെപ്റ്റംബർ 1നു ശേഷമുള്ള ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ബദൽ സംവിധാനമൊരുക്കുകയോ ടിക്കറ്റ് തുക മടക്കിനൽകുകയോ ചെയ്യും. എയർ ഇന്ത്യയ്ക്കു നിലവിലുള്ള 26 ഡ്രീംലൈനർ വിമാനങ്ങളുടെ നവീകരണ നടപടികൾ ഈ മാസം ആദ്യമാണ് ആരംഭിച്ചത്. ആദ്യവിമാനം ഇതിനായി യുഎസിലെ ബോയിങ് കേന്ദ്രത്തിലേക്കു കൊണ്ടുപോയി.
രണ്ടാമത്തെ വിമാനം ഒക്ടോബർ ആദ്യവാരം പോകും. ഇവ ഡിസംബറിൽ തിരിച്ചെത്തും. 2027 പകുതിയോടെ എല്ലാ ഡ്രീംലൈനറുകളുടെയും നവീകരണം പൂർത്തിയാകും. പാക്കിസ്ഥാൻ വ്യോമപാത അടച്ചതിനാൽ നിലവിൽ വിയന്നയിൽ ഇറങ്ങിയാണ് വാഷിങ്ടൻ സർവീസ് നടത്തുന്നത്. ഏകദേശം 19 മണിക്കൂറാണു യാത്രാസമയം.